മകൾ മൊബൈലിന് അടിമ, സഹികെട്ട് രക്ഷിതാക്കൾ ഫോൺ എടുത്ത് മാറ്റി; നിരാശയിൽ 15 കാരി ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിനെ തുടർന്ന് കൗമാരക്കാരി ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. വാണിജ്യ നഗരമായ മുംബൈയിലെ മലാഡിന് സമീപമാണ് ദാരുണമായ സംഭവം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
മലാഡിലെ മൽവാനി പ്രദേശത്ത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. മകൾ മൊബൈലിന് അടിമയായിരുന്നുവെന്ന് മാതാപിതാക്കൾ മൊഴി നൽകി. ഫോൺ മാറ്റിവച്ച് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ രക്ഷിതാക്കൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പ്രശ്നം ഗുരുതരമാകുകയും മാതാപിതാക്കൾ പെൺകുട്ടിയിൽ നിന്ന് ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ഇതേത്തുടർന്നുള്ള ദേഷ്യത്തിൽ 15 വയസ്സുകാരി ഏഴാം നിലയിൽ നിന്ന് എടുത്ത് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. റിപ്പോർട്ടിന് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് വ്യക്തമാക്കി.