Sunday, April 13, 2025
Kerala

യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയോഗം ഇന്ന് പത്തനംതിട്ടയിൽ

മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പ്രതിഷേധത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയോഗം ഇന്ന് പത്തനംതിട്ടയിൽ നടക്കും. ഓർത്തഡോക്സ് സഭാംഗവും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ഏബൽ ബാബുവിന്റെ വീട്ടിൽ പൊലീസ് കടന്നു കയറി കാർ കസ്റ്റഡിയിലെടുത്ത വിഷയം ഉൾപ്പെടെ ഇന്നത്തെ യോഗത്തിൽ ചർച്ചയാകാനാണ് സാധ്യത. മന്ത്രിക്കെതിരെ ഇന്നലെ അടൂരിൽ പ്രതിഷേധത്തിന്റെ ഭാഗമായി വീണ്ടും പോസ്റ്റർ ഒട്ടിച്ചിരുന്നു. പ്രതിഷേധം സഭയുടെ അറിവോടെ അല്ല എന്ന് സഭാ നേതൃത്വവും വ്യക്തമാക്കി. വീണാ ജോർജിനെതിരെ പ്രതിഷേധം ശക്തമാക്കണമെന്നാണ് യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെയും തീരുമാനം.

വീണ ജോർജിനെതിരെ പോസ്റ്റർ പതിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ കാർ കസ്റ്റഡിയിലെടുത്തു. അടൂരിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഓർത്തഡോക്സ് സഭ അംഗവുമായ ഏബൽ ബാബു എന്നയാളുടെ കാറാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ഓർത്തഡോക്സ് സഭയുടെ യുവജനപ്രസ്ഥാനത്തിലെ അംഗമാണ്.

രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ എത്രയും തരംതാഴ്ന്ന പ്രവർത്തനം നടത്താൻ കോൺഗ്രസും യൂത്ത് കോൺഗ്രസും തയ്യാറാകുമെന്നതിന്റെ തെളിവാണ് ആരോഗ്യമന്ത്രിക്കെതിരെ പത്തനംതിട്ട നഗരത്തിൽ നടത്തിയ പോസ്റ്റർ പ്രചാരണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു കുറ്റപ്പെടുത്തി. ഇരുട്ടിന്റെ മറവിൽ നടത്തുന്ന ഇത്തരം പ്രവർത്തനം രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മാത്രമല്ല പൊതുപ്രവർത്തനത്തിന് തന്നെ അപമാനമാണ്. ഏതു വിധത്തിലും രാഷ്ട്രീയ ഏതിരാളികളെ തോജോവധം ചെയ്യുന്ന മ്ലേച്ഛമായ പ്രവർത്തന രീതി ശക്തമായി എതിർക്കപ്പെടണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഗ്രൂപ്പ് പോരിൽ സംഘടനാ സംവിധാനം തന്നെ ജില്ലയിൽ തകർന്ന കോൺഗ്രസിൽ ഒരു നേതൃത്വത്തിനും നിയന്ത്രിക്കാനാവാത്ത വിധത്തിൽ ചിലർ മാറിയെന്നതിന്റെയും തെളിവാണിത് എന്ന് അദ്ദേഹം പറഞ്ഞു. ഏതു വിധത്തിലും മാധ്യമ ശ്രദ്ധ നേടാൻ എന്തു വൃത്തികെട്ട പ്രവർത്തനത്തിനും ഇവർ ശ്രമിക്കുകയാണ്. ഇത്തരം ദുഷ്ട ശക്തികളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തണം എന്നും കെ പി ഉദയഭാനു കൂട്ടിച്ചേർത്തു.

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനും സ്പർധ വളർത്താനുമാണ് ഇക്കൂട്ടർ വ്യാജപോസ്റ്റർ പ്രചാരണത്തിലൂടെ ലക്ഷ്യമിട്ടത്. അതുവഴി ആരോഗ്യ മന്ത്രിയേയും സിപിഐ എമ്മിനെയും സമൂഹത്തിൽ താറടിച്ച് കാണിക്കാനുമായിരുന്നു ശ്രമം. എല്ലാ വിഭാഗങ്ങളുമായി സൗഹാർദ്ദത്തോടെയും പൊതു നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുകയും ചെയ്യുന്ന മന്ത്രിയെയും സിപിഐഎമ്മിനെയും സമൂഹത്തിൽ ഒറ്റപ്പെടുത്താമെന്നത് വെറും വ്യാമോഹം മാത്രമാണെന്നും കെപി ഉദയഭാനു പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *