അമൃത്പാലിനൊപ്പം ഒളിവില്‍പ്പോയ അനുയായിയെ പൊലീസ് പൊലീസ് അറസ്റ്റ് ചെയ്തു
ഖാലിസ്ഥാൻ അനുഭാവി അമൃത്പാൽ സിംഗിനൊപ്പം ഒളിവില്‍പ്പോയ പപ്പൽപ്രീത് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ഹോഷിയാപൂരിൽ നിന്നാണ് പപ്പൽപ്രീതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ഒളിവിൽ തുടരുന്ന അമൃത്പാലിനായി അന്വേഷണം തുടരുകയാണ്.
അമൃത്പാൽ സിംഗിനോട് ഏറ്റവും അടുത്തയാളാണ് പപ്പൽപ്രീത്. പ്രത്യേക സെല്ലിന്റെ സഹായത്തോടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പഞ്ചാബ് പൊലീസിന്റെ നടപടി. ജലന്ധറിൽ നിന്ന് ഒളിവിൽപ്പോയ പപ്പൽപ്രീത് നിരന്തരം അമൃത്പാലിനൊപ്പം ഉണ്ടായിരുന്നുവെന്നും ഇരുവരും ഹോഷിയാർപൂരിൽ വച്ചാണ് പിരിഞ്ഞതെന്നും പഞ്ചാബ് പൊലീസ് പറയുന്നു.
പപ്പൽപ്രീതിന് ഐഎസ്‌ഐയുമായി നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം അവകാശപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒളിവിൽ കഴിയുന്ന അമൃതപാൽ പാകിസ്ഥാനിലേക്ക് രക്ഷപ്പെടാനുള്ള സാധ്യതയും പ്രകടമായതായാണ് റിപ്പോർട്ടുകൾ. 5000-ത്തിലധികം പൊലീസുകാർ അതിർത്തിയോട് ചേർന്നുള്ള പഞ്ചാബിലെ ഗ്രാമങ്ങളിൽ തെരച്ചിൽ തുടരുകയാണ്.