കാണാതായ 2 വയസുകാരിയുടെ മൃതദേഹം അയൽവാസിയുടെ ലാപ്‌ടോപ്പ് ബാഗിൽ; പ്രതിക്കായി തെരച്ചിൽ
രണ്ട് വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ തൂക്കിയിട്ടിരുന്ന ലാപ്ടോപ്പ് ബാഗിൽ നിന്ന് കണ്ടെത്തി. ഗ്രേറ്റർ നോയിഡയിലെ ദേവ്‌ല ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഒളിവിൽ പോയ അയൽവാസിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. പെൺകുട്ടി ബലാത്സംഗത്തിനിരയായോ ഇല്ലയോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
രണ്ട് വയസുകാരി മാൻസിയുടെ മാതാപിതാക്കളും ഏഴ് മാസം പ്രായമുള്ള സഹോദരനും ദേവ്‌ല ഗ്രാമത്തിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. മാതാപിതാക്കൾ സമീപത്തെ ഫാക്ടറിയിലെ കൂലിപ്പണിക്കാരാണ്. കുട്ടിയുടെ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന അതേ കെട്ടിടത്തിലായിരുന്നു പ്രതിയും താമസിച്ചിരുന്നത്. കുട്ടിയുടെ പിതാവ് ശിവകുമാർ ജോലിക്കും അമ്മ മഞ്ജു ചന്തയിലേക്കും പോയ സമയത്താണ് കുട്ടിയെ കാണാതായത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ മകളെ കാണാതാവുകയും കുറ്റാരോപിതനായ അയൽക്കാരനും കുട്ടിയെ കണ്ടെത്താൻ സഹായിക്കുകയും ചെയ്തതായി പിതാവ് പറയുന്നു. രാത്രി 10 മണി വരെ തെരച്ചിൽ നടത്തിയ ശേഷം വീട്ടുകാർ പൊലീസിനെ സമീപിക്കുകയും സൂരജ്പൂർ സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പരാതി നൽകിയതിന് പിന്നാലെ അയൽക്കാരൻ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുകാർക്ക് സംശയം തോന്നി.രണ്ട് ദിവസത്തിന് ശേഷം അയൽവാസിയായ രാഘവേന്ദ്രയുടെ പൂട്ടിയിട്ട വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ശിവകുമാർ പരാതിപ്പെട്ടു.
തുടർന്ന് പൊലീസിന്റെ സഹായത്തോടെ വീടിനുള്ളിൽ കയറിയ ശിവകുമാർ, രാഘവേന്ദ്രൻ്റെ മുറിയിൽ വാതിലിനു പിന്നിൽ വസ്ത്രങ്ങൾക്കൊപ്പം തൂക്കിയിട്ടിരുന്ന ലാപ്ടോപ്പ് ബാഗിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ‘ചൂട് കാരണം മൃതദേഹം അഴുകാൻ തുടങ്ങിയിരുന്നു. വീട്ടുകാർ മൃതദേഹം തിരിച്ചറിഞ്ഞു. തുണികൊണ്ട് കഴുത്ത് ഞെരിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ രാജീവ് ദീക്ഷിത് പറഞ്ഞു.