‘40% കമ്മീഷനല്ല, 100% പ്രതിബദ്ധതയാണ് കർണാടകയ്ക്ക് വേണ്ടത്’: ശശി തരൂർ
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. കഴിഞ്ഞ നാല് വർഷമായി സംസ്ഥാനത്തെ ജനങ്ങൾ ദുർഭരണം അനുഭവിക്കുകയാണ്. ജനങ്ങൾ കോൺഗ്രസിനെ ബദലായി നോക്കികാണുകയാണെന്നും ശശി തരൂർ ബെംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബെംഗളൂരു നഗരത്തിന് വലിയ സാധ്യതകളുണ്ടെന്ന് നഗരവാസികൾ തിരിച്ചറിഞ്ഞു തുടങ്ങി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഈ നഗരം ഐടി നിക്ഷേപത്തിന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു. എന്നാൽ ഇപ്പോൾ കഴിഞ്ഞ 3-4 വർഷമായി നിക്ഷേപം കുറയുന്നത് ഖേദകരമാണെന്നും ശശി തരൂർ. കർണാടകയിലെ ജനങ്ങൾ 40 ശതമാനം കമ്മീഷനിൽ മടുത്തുവെന്നും 100 ശതമാനം പ്രതിബദ്ധതയാണ് ആഗ്രഹിക്കുന്നതെന്നും കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇത് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാക്കളെ വിമർശിച്ച അദ്ദേഹം, ഈ നേതാക്കൾക്ക് കോൺഗ്രസിന്റെ മൂല്യങ്ങളും തത്വങ്ങളും പങ്കിടുന്ന പാർട്ടിയിൽ ചേരാമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.