Thursday, January 9, 2025
World

എന്നെ ആരൊക്കെയോ തട്ടിക്കൊണ്ട് പോയി; കള്ളം പറഞ്ഞ് ഭര്‍ത്താവില്‍ നിന്ന് മോചന ദ്രവ്യം വാങ്ങിയെടുത്തു; ഇന്ത്യന്‍ വംശജയ്‌ക്കെതിരെ ആഫ്രിക്കയില്‍ കേസ്

തന്നെ തട്ടിക്കൊണ്ടുപോയെന്ന് കള്ളം പറഞ്ഞ് ഭര്‍ത്താവില്‍ നിന്ന് വന്‍തുക തട്ടിയെടുത്ത ഇന്ത്യന്‍ വംശജയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയില്‍ കേസ്. ഭര്‍ത്താവിന്റെ പക്കല്‍ നിന്നും മോചനദ്രവ്യമായി ഏകദേശം 89 ലക്ഷം ഇന്ത്യന്‍ രൂപ വാങ്ങിയെടുത്ത സ്ത്രീയാണ് പിടിയിലായിരിക്കുന്നത്. പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗ് നഗരത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നാണ് 47 വയസുകാരിയായ ഇന്ത്യന്‍ വംശജയെ ദക്ഷിണാഫ്രിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഫിറോസ ബീ ജോസഫ് എന്ന് പേരുള്ള ഈ സ്ത്രീ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തുകയായിരുന്നു.

തിങ്കളാഴ്ചയാണ് ഫിറോസയുടെ ഭര്‍ത്താവിന് തന്റെ ഭാര്യയെ തടവിലാക്കിയെന്ന് പറഞ്ഞ് അജ്ഞാതനായ പുരുഷന്റെ ഫോണ്‍ കോള്‍ വരുന്നത്. എത്രയും പെട്ടന്ന് പണം കൈമാറിയില്ലെങ്കില്‍ ഭാര്യയെ ഉപദ്രവിക്കുമെന്ന് പല കോളുകളായി വിളിച്ച് അജ്ഞാതന്‍ ഭീഷണിപ്പെടുത്തിക്കൊണ്ടുമിരുന്നു.

ഫിറോസയുടെ ഭര്‍ത്താവ് പണം കൈമാറിയെങ്കിലും പൊലീസ് ഫിറോസയെക്കുറിച്ച് വിശദമായ അന്വേഷണങ്ങള്‍ നടത്തിവരികയായിരുന്നു. അന്വേഷണങ്ങള്‍ പുരോഗമിക്കവെ ഫീനിക്‌സില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗിലെ ഒരു കാസിനോയില്‍ സ്ത്രീയുള്ളതായി തെളിയിക്കുന്ന ചില ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പിന്നീട് പൊലീസ് ഒരു ഹോട്ടല്‍ മുറിയില്‍ നിന്ന് ഇവരെ കണ്ടെത്തുകയും ഭര്‍ത്താവ് കൈമാറിയ പണം ഫിറോസയുടെ പക്കല്‍ നിന്നും പിടിച്ചെടുക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *