ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം അമേരിക്കയിൽ; 9-ാം സ്ഥാനത്ത് ഇന്ത്യയിലെ വിമാനത്താവളവും
ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടിക പുറത്ത് വിട്ട് എയർപോർട്ട്‌സ് കൗൺസിൽ ഇന്റർനാഷ്ണൽ ഡേറ്റ. പട്ടികയിൽ ഡൽഹി വിമാനത്താവളും ഇടം നേടി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വിമാനത്താവളം ഈ പട്ടികയിൽ ഇടം പിടിക്കുന്നത്.
2022 ലെ കണക്കനുസരിച്ച് ഡൽഹി ഇന്ദിരാ ഗാന്ധി ഇന്റർനാഷ്ണൽ വിമാനത്താവളത്തിൽ അഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരായി മൊത്തം 59 ദശലക്ഷം പേരാണ് ഉണ്ടായിരുന്നത്. 2019 ലെ കൊവിഡ് തരംഗത്തിന് മുൻപ് 17-ാം സ്ഥാനത്തായിരുന്നു ഡൽഹി വിമാനത്താവളം. ഈ റാങ്കാണ് നിലവിൽ ഒൻപതിലേക്ക് ഉയർന്നത്. ഇന്ത്യയിൽ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളം മുംബൈയാണ്. 38 ദശലക്ഷം യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിക്കുന്നത്. 2019 ൽ 47 മില്യണായിരുന്നു മുംബൈ വിമാനത്താവളം ഉപയോഗിച്ചിരുന്നവരുടെ കണക്ക്.
പട്ടികയിലെ ആദ്യ നാലും അമേരിക്കയിലാണ് സ്ഥിതി ചെയ്യുന്നത്. ഒന്നാം റാങ്ക് നേടിയ അറ്റ്‌ലാന്റ വിമാനത്താവളത്തിൽ 94 മില്യൺ യാത്രക്കാരാണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് 73 മില്യൺ യാത്രക്കാരുമായി ദല്ലാസ് ഫോർട്ട് വർത്താണ്. മൂന്നാം സ്ഥാനത്ത് ഡെൻവറും നാലാം സ്ഥാനത്ത് ഷിക്കാഗോയുമാണ്.
അഞ്ചാം സ്ഥാനത്ത് ദുബായ് ആണ്. 66 മില്യൺ യാത്രക്കാരാണ് ദുബായ് വിമാനത്താവളം ഉപയോഗിക്കുന്നത്. ആറാം സ്ഥാനത്ത് ലോസ് ഏഞ്ചൽസും, ഏഴാം സ്ഥാനത്ത് ഇസ്താൻബുളും എട്ടാം സ്ഥാനത്ത് ലണ്ടൺ ഹീത്രോയുമാണ്. പത്താം സ്ഥാനം പാരിസിനാണ്.