മധ്യപ്രദേശിലെ നസ്രുല്ലഗഞ്ച് ഇനി ‘ഭൈരുന്ദ’ എന്ന് അറിയപ്പെടും ; വികസനത്തിന് 100 കോടി; ശിവരാജ് സിംഗ് സർക്കാർ
മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ നസ്രുല്ലഗഞ്ച് ഇനി ഭൈരുന്ദ എന്ന് അറിയപ്പെടും. നസ്രുല്ലഗഞ്ചിന്റെ പേര് ഭൈരുന്ദ എന്നാക്കി ശിവരാജ് സിംഗ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. നസ്രുല്ലഗഞ്ചിന്റെ പേര് ഭൈരുന്ദ എന്നാക്കി മാറ്റാൻ കേന്ദ്രസർക്കാരിലേക്ക് ശിവരാജ് സർക്കാർ നിർദ്ദേശം അയച്ചിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ നിർദേശം അംഗീകരിച്ചു. ഇതിന് പിന്നാലെയാണ് നഗരത്തിന്റെ പേര് മാറ്റാൻ സംസ്ഥാന സർക്കാരും വിജ്ഞാപനം പുറപ്പെടുവിച്ചത്. 2021 ലെ ഒരു പരിപാടിയിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നസ്രുല്ലഗഞ്ചിന്റെ പേര് ഭൈരുന്ദ എന്നാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിയമസഭാ മണ്ഡലമായ ബുധ്‌നിയുടെ കീഴിലാണ് ഈ പ്രദേശം വരുന്നത്. പേരുമാറ്റണമെന്ന് ഏറെ നാളായി ഇവിടെയുള്ളവർ ആവശ്യപ്പെടുകയായിരുന്നു.
പ്രദേശത്ത് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നസ്രുല്ലഗഞ്ചിന്റെ പേര് ഭൈരുന്ദ എന്ന് പുനർനാമകരണം ചെയ്തു. അദ്ദേഹത്തോടൊപ്പം മറ്റ് നിരവധി സർക്കാർ ഉദ്യോഗസ്ഥരും മന്ത്രിമാരും ഉണ്ടായിരുന്നു.നേരത്തെ ഭോപ്പാലിലെ ഇസ്‌ലാം നഗറിനെ ജഗദീഷ്‌പൂർ എന്നും ഹോഷംഗബാദിനെ നർമ്മദാപുരം എന്നും സംസ്ഥാന സർക്കാർ പുനർനാമകരണം ചെയ്തിരുന്നു.
“ഇന്ന് ഒരു സ്വപ്നം സാക്ഷാത്കരിച്ചു, ഒരു പ്രമേയം പൂർത്തീകരിച്ചു, ഭൈരുന്ദ നിങ്ങളുടെ ഹൃദയത്തിന്റെ ശബ്ദമായിരുന്നു, നമ്മുടെ ചരിത്രം, നമ്മുടെ അഭിമാനത്തിന് സംഭവിച്ച മഹത്വം, നമ്മുടെ പ്രിയപ്പെട്ട ഭൈരുന്ദ തിരിച്ചെത്തി.”- അദ്ദേഹം പറഞ്ഞു.