ഡിബ്രൂയ്നെ തിളങ്ങി; ലിവർപൂളിന്റെ ചിറകരിഞ്ഞ് സിറ്റി
രാജ്യാന്തര മത്സരങ്ങളുടെ ഇടവേളക്ക് ശേഷം ഇന്ന് പുനരാംഭിച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ആധികാരികമായാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. സിറ്റിക്കായി ജൂലിയൻ അൽവാരെസ്, കെവിൻ ഡി ബ്രൂയ്നെ, ഇക്കായ് ഗുൻഡോഗൻ, ജാക്ക് ഗ്രീലിഷ് എന്നിവർ ഗോൾ നേടി. ലിവർപൂളിന്റെ ആശ്വാസ ഗോൾ നേടിയത് മുഹമ്മദ് സാലയാണ്. മത്സരത്തിലെ വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലുമായുള്ള പോയിന്റ് വ്യത്യാസം 5 ആയി കുറക്കാനും സിറ്റിക്ക് സാധിച്ചു. സീസണിലെ ഒൻപതാം തോൽവി ഏറ്റുവാങ്ങിയ ലിവർപൂൾ ലീഗിൽ ആറാം സ്ഥാനത്താണ്.
പ്രീമിയർ ലീഗിലെ ടോപ് സ്കോററും ഗോൾ മെഷീനുമായ ഏർലിങ് ഹാലണ്ട് ഇല്ലാതെയാണ് സിറ്റി ഇന്ന് കളത്തിൽ ഇറങ്ങിയത്. അപ്പെന്റിസ് ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിൽ തുടരുന്ന ഇംഗ്ലീഷ് യുവതാരം ഫിൽ ഫോഡനും ഇന്ന് കളിച്ചിരുന്നില്ല. ഹാലണ്ടിന് പകരം അർജന്റീയൻ താരം ജൂലിയൻ അൽവാരസാണ് സിറ്റിയുടെ ആക്രമണത്തിന്റെ കുന്തമുനയായത്. ഏഴ് മത്സരങ്ങളിൽ മാത്രം ആദ്യ പതിനൊന്നിൽ സ്ഥാനം പിടിച്ച അലവറസ് ആറാമത്തെ ഗോളാണ് ഇന്ന് നേടിയത്. ഒരു ഗോളും ഒരു അസിസ്റ്റുമായി ഇന്ന് കളിക്കളത്തിൽ തിളങ്ങിയത് സിറ്റിയുടെ പ്ലേമേക്കറായ കെവിൻ ഡി ബ്രൂയ്നെയാണ്. അഞ്ച് അവസരങ്ങളാണ് താരം ഇന്ന് സൃഷ്ടിച്ചത്. മുന്നേറ്റ നിര തിളങ്ങിയെങ്കിലും പ്രതിരോധ നിരയുടെ അനാസ്ഥയായാണ് ഗോൾ വഴങ്ങാൻ കാരണമായത്.
പരുക്കുകളുടെ പിടിയിൽ കുരുങ്ങിയ ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്കുള്ള ദൂരം ഓരോ ആഴ്ചയും കൂടുകയാണ്. പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ നിൽക്കുന്ന ടീമുമായി 5 പോയിന്റുകളുടെ വ്യത്യാസമാണ് ക്ലബ്ബിനുള്ളത്. ക്ലബ്ബിന്റെ ചരിത്രത്തിൽ കഴിഞ്ഞ നാൽപ്പത്തിയഞ്ച് മത്സരങ്ങളിൽ ആദ്യം ഗോൾ അടിക്കുന്ന കളികളിൽ ടീം തോൽവി അറിഞ്ഞിട്ടില്ലായിരുന്നു. എന്നാൽ, സലയുടെ ഗോളിൽ ലീഡ് എടുത്ത ശേഷം തോൽവി വഴങ്ങിയ ലിവർപൂളിന്റെ ആ റേക്കോഡ് ഇന്ന് പഴങ്കഥയായി മാറി. കഴിഞ്ഞ മൂന്ന് മത്സരങ്ങളും തുടർച്ചയായി തോൽവി ഏറ്റുവാങ്ങിയ ചെമ്പടക്ക് അടുത്ത രണ്ടു മത്സരങ്ങൾ യഥാക്രമം ശക്തരായ ചെൽസി, ആഴ്‌സണൽ ക്ലബ്ബുകൾക്ക് എതിരെയാണ്