‘ലോകായുക്തയുടേത് വിചിത്ര വിധി, ഒരിക്കലും പുറത്തുവരാത്ത വിധിയായി മാറ്റാൻ ശ്രമം’; വി.ഡി സതീശൻ
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രിക്കെതിരായ ഹർജി മൂന്നംഗ ബെഞ്ചിന് വിടാനുള്ള ലോകായുക്തയുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിചിത്രമായ വിധിയാണ് ഉണ്ടായതെന്നും ലോകായുക്തയുടെ വിശ്വാസ്യതയെ തന്നെ തകർക്കുന്ന വിധിയാണിതെന്നും അദ്ദേഹം ആരോപിച്ചു.
കേസിൽ വാദം പൂർത്തിയായി കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് വിധി വരുന്നത്. എന്തുകൊണ്ടാണ് ഈ വിധി പുറപ്പെടുവിക്കാൻ ഒരു വർഷത്തെ കാലതാമസം ഉണ്ടായതെന്ന് വ്യക്തമല്ല. ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കാതെയും, വിഷയത്തിൽ കോടതി ഇടപെടുകയും ചെയ്തില്ലായിരുന്നുവെങ്കിൽ, ഒരിക്കലും പുറത്തുവരാത്ത വിധിയായി ഇത് മാറുമാറിയിരുന്നു. ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയെടുത്ത വിധിയാണിതെന്നും സതീശൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ അറിവോടെ കെ.ടി ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ കേസിലെ വിധി ഭയന്നാണ് മുഖ്യമന്ത്രി ലോകായുക്ത ഭേദഗതി ബില്ലുമായി നിയമസഭയിലെത്തിയത്. ഇന്നത്തെ വിധിക്ക് പിന്നിൽ രണ്ട് ലക്ഷ്യങ്ങളുണ്ട്. വിധി അനന്തമായി നീട്ടുകയാണ് ഒന്നാമത്തെ ലക്ഷ്യം. മറ്റൊന്ന് ഗവർണറുമായി ധാരണ ഉണ്ടാക്കിയാൽ ആ വിഷയത്തിലെ നിലവിലെ സാഹചര്യവും മാറുമെന്നും സതീശൻ കുറ്റപ്പെടുത്തി.