Monday, March 10, 2025
National

അമൃത്പാൽ സിംഗ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ അന്വേഷണം ആരംഭിച്ച് പഞ്ചാബ് പൊലീസ്

അമൃത്പാൽ സിംഗ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ അന്വേഷണം ആരംഭിച്ച് പഞ്ചാബ് പൊലീസ്. വിഡിയോ ചിത്രീകരിച്ചത് കുറച്ചു ദിവസങ്ങൾക്ക് മുൻപാണെന്നാണ് പൊലീസ് സംശയിക്കുന്നത്. വിഡിയോ പുറത്തുവിട്ടത് വിദേശത്ത് നിന്നാണെന്ന നിഗമനത്തിലാണ് പൊലീസ്.

പഞ്ചാബിനെ സംരക്ഷിക്കാൻ സിഖ് സംഘടനകൾക്ക് ആഹ്വാനം ചെയ്യുന്ന അമൃത് പാൽ സിംഗിന്റെ വിഡിയോ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉത്തർപ്രദേശിൽ നിന്നാണ് ചിത്രീകരിച്ചതെന്ന് പൊലീസ് കരുതുന്നു. കാനഡ, യുകെ, ദുബായ് എന്നീ രാജ്യങ്ങളിലെ ഐപി അഡ്രസ് വഴി വിഡിയോ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ.

പരമ്പരാഗത സിഖ് വേഷത്തിൽ നിന്നും തലപ്പാവ് മാറ്റിയും ജീൻസ് ധരിച്ചും ആണ് അമൃത്പാൽ സിംഗിന്റെ ഇപ്പോഴത്തെ സഞ്ചാരം. വിവിധ സ്ഥലങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. അമൃത് പാൽ സിംഗിനായുള്ള തെരച്ചിൽ തുടരുന്നതിനിടെ, സുവർണ്ണ ക്ഷേത്രത്തിന് സുരക്ഷ വർധിപ്പിച്ചു. പഞ്ചാബ് ഹോഷിയാർപൂരിലും തെരച്ചിൽ നടക്കുന്നുണ്ട്.

അതേസമയം കീഴടങ്ങാൻ അമൃത്പാൽ സിംഗ് ചില ഉപാധികൾ വച്ചിട്ടുണ്ട്. കീഴടങ്ങിയതാണെന്ന് പൊലീസ് വെളിപ്പെടുത്തണം, പഞ്ചാബ് ജയിലിൽ പാർപ്പിക്കണം, പൊലീസ് കസ്റ്റഡിയിൽ മർദ്ദിക്കരുത് , എന്നീ ഉപാധികൾ അംഗീകരിച്ചാൽ കീഴടങ്ങാൻ തയ്യാറാണെന്ന് അമൃത്പാൽ സിംഗ് അറിയിച്ചിരുന്നു. ദേശ സുരക്ഷാ നിയമം ചുമത്തിയതിനാലാണ് അമൃത് പാൽ ഇപ്പോഴും ഒടുവിൽ തുടരുന്നതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. അമൃത് പാലിനെ ഉടൻ പിടികൂടുമെന്ന് ആവർത്തിക്കുകയാണ് പഞ്ചാബ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *