Thursday, April 17, 2025
National

‘ശിക്ഷിക്കപ്പെട്ടാൽ അയോഗ്യതയെന്ന വ്യവസ്ഥ പിൻവലിക്കണം’; സുപ്രീം കോടതിയിൽ ഹർജി

ക്രിമിനൽ കേസിൽ രണ്ട് വർഷത്തിലധികം ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുതെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ജനപ്രാതിനിധ്യ നിയമത്തിലെ ഈ വ്യവസ്ഥ റദ്ദാക്കണം. കുറ്റകൃത്യങ്ങളുടെ സ്വഭാവം, ഗൗരവം, വ്യാപ്തി എന്നിവ പരിഗണിക്കാതെയുള്ള അയോഗ്യത, സ്വാഭാവിക നീതിയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.

മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയ സാഹചര്യത്തിലാണ് സാമൂഹിക പ്രവർത്തകനായ ആഭാ മുരളീധരൻ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗത്തിന്റെയോ നിയമസഭാ സാമാജികന്റെയോ അഭിപ്രായസ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുന്നതാണ് സെക്ഷൻ 8(3) എന്ന് മുരളീധരൻ ഉന്നയിക്കുന്നു.

1951 നിയമത്തിലെ സെക്ഷൻ 8, സെക്ഷൻ 8 എ, 9, 9 എ, 10, 10 എ, 11 എന്നിവയുടെ ഉപവകുപ്പ് (1) ന് വിരുദ്ധമാണ് സെക്ഷൻ 8(3) എന്ന് ഹർജിയിൽ പറയുന്നു. ഹീനമായ കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെടുന്നവരെ മാത്രം ഉടനടി അയോഗ്യരാക്കുക. മേൽക്കോടതിയിൽ അപ്പീൽ അടക്കം നൽകാൻ അവസരമുണ്ടെന്ന് ഇരിക്കെ ഉടനടി അയോഗ്യരാക്കുന്നത് ഭരണഘടന വിരുദ്ധമാണ്. ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ഭാരിച്ച സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും സെക്ഷൻ 8(4) റദ്ദാക്കിയ സുപ്രീം കോടതിയുടെ ലില്ലി തോമസ് വിധി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ഉന്നയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *