സ്റ്റാർക്കിന് മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യ; ഓസ്ടേലിയക്ക് എതിരെ 117ന് പുറത്ത്
വിശാഖപട്ടണം ഏകദിനത്തിൽ കങ്കാരുപ്പടക്ക് മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് നിര. റൺമഴ പ്രതീക്ഷിച്ചതിയ ആരാധകരെ നിരാശപ്പെടുത്തി 26 ഓവറുകളിൽ ഇന്നിംഗിസ് അവസാനിപ്പിക്കേണ്ടി വന്ന ഇന്ത്യൻ ബാറ്റിംഗ് നിര നേടിയത് വെറും 117 റണ്ണുകൾ മാത്രം. ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 118. അഞ്ച് വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യൻ നിരയുടെ അടിത്തറ ഇളക്കിയത്. നാല് താരങ്ങൾ മാത്രമാണ് ഇന്ത്യക്ക് വേണ്ടി രണ്ടക്കം കണ്ടത്. എട്ട് ഓവറുകളിൽ ആദ്യ നാല് വിക്കറ്റുകൾ തുടരെ വീഴ്ത്തിയാണ് സ്റ്റാർക് തിളങ്ങിയത്. ഒരു ഓവർ റണ്ണുകൾ ഒന്നും വിട്ട് നൽകാതെ മൈഡൻ ആക്കി തീർത്തു താരം.
ഇന്ത്യൻ നിരയിൽ 31 റണ്ണുകൾ നേടിയ വിരാട് കോഹ്ലി മാത്രമാണ് പിടിച്ചു നിൽക്കുന്നതിനുള്ള ശ്രമം നടത്തിയത്. 29 റണ്ണുകൾ എടുത്ത് പുറത്താകാതെ നിന്ന ആക്സർ പട്ടേലുമായിരുന്നു ഇന്ത്യയുടെ ആകെ റൺനേട്ടം നൂറുകടത്താൻ സഹായകമായത്. ശുഭ്മൻ ഗില്ലും സൂര്യകുമാർ യാദവും റണ്ണുകൾ എടുക്കാതെ പുറത്തായത് ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയായി. ഇവരെ കൂടാതെ, ഷമിയും സിറാജും ഒരു റൺ പോലുമെടുക്കാതെ പുറത്തായി.
അഞ്ച് വിക്കറ്റ് എടുത്ത മിച്ചൽ സ്റ്റാർക്കിന് പുറമെ മൂന്ന് വിക്കറ്റ് എടുത്ത ഷോൺ ഒബട്ടും രണ്ട് വിക്കറ്റ് വീഴ്ത്തിയ നാഥാൻ എലീസും ചേർന്നാണ് ഇന്ത്യയെ വേഗത്തിൽ ഡഗ്ഔട്ടിലേക്ക് മടക്കിയത്. ഇന്ത്യക്ക് ഇനി മത്സരത്തിലേക്ക് തിരിച്ചു വരവ് ബൗളർമാരെ മാത്രം ആശ്രയിച്ചിരിക്കും. അവരുടെ കയ്യിൽ നിന്ന് പിറക്കുന്ന അത്ഭുതങ്ങൾക്ക് മാത്രമേ മത്സരത്തിന്റെ ഫലത്തെ മാറ്റാൻ സാധിക്കുകയുള്ളു എന്ന് വ്യക്തം.