Thursday, January 23, 2025
National

കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണം; പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികൾ, ശ്രീനഗർ സന്ദര്‍ശനം ഉടൻ

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും വിവിധ ദേശീയ പാർട്ടി നേതാക്കൾ. ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്ത് ജനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ദേശീയ പ്രതിപക്ഷ പാർട്ടി നേതാക്കളും ജമ്മു കശ്മീരിൽ നിന്നുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളും ദില്ലി കോൺസ്റ്റിറ്റ്യൂഷണൽ ക്ലബ്ബിൽ ചേര്‍ന്ന യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. ജനങ്ങൾക്ക് പിന്തുണ ഉറപ്പുനൽകുന്നതിനായി മെയ് മാസത്തിൽ ശ്രീനഗർ സന്ദർശിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എൻസിപി നേതാവ് ശരദ് പവാര്‍, ഫാറൂഖ് അബ്ദുള്ള എംപി തുടങ്ങി കോൺഗ്രസ്, ഡിഎംകെ, ടിഎംസി, സിപിഐഎം, ആർജെഡി, എസ്പി, എഎപി തുടങ്ങിയ ദേശീയ പാർട്ടികളിൽ നിന്നുള്ള മുതിർന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ജമ്മു കശ്മീരിലെ ജനങ്ങളുടെ വേദനയിൽ പങ്കുചേരാൻ എല്ലാ പ്രതിപക്ഷ പാർട്ടികളിലെയും നേതാക്കൾ ശ്രീനഗർ സന്ദർശിക്കും, അവർക്ക് എല്ലാ വിധ പിന്തുണയും ഉറപ്പ് നൽകുമെന്നും ശരദ് പവാർ യോഗത്തിന് ശേഷം പറഞ്ഞു.

യോഗത്തിന് ശേഷം ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീരിൽ നിന്നുള്ള സർവകക്ഷി പ്രതിനിധി സംഘം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് മെമ്മോറാണ്ടം സമർപ്പിച്ചു.സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഫാറൂഖ് അബ്ദുള്ള പറഞ്ഞു. എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ടു തന്നെ കശ്മീരില്‍ തെരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ ഒരു കാരണവുമില്ലെന്നും അബ്ദുള്ള പറഞ്ഞു. 2014ലാണ് ജമ്മു കശ്മീരിൽ അവസാനമായി നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *