Thursday, January 23, 2025
Gulf

സൗദി-ഇറാന്‍ നയതന്ത്രബന്ധം; ഇരുവിദേശകാര്യ മന്ത്രിമാരും ഉടന്‍ കൂടിക്കാഴ്ച നടത്തും

സൗദിയും ഇറാനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇരുവിദേശകാര്യ മന്ത്രിമാരുടെയും കൂടിക്കാഴ്ച ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി എത്രയും വേഗം കൂടിക്കാഴ്ച നടത്തുമെന്ന് സൗദി അറേബ്യ അറിയിച്ചു. ചൈനയുടെ മധ്യസ്ഥതയില്‍ ഒപ്പുവച്ച കരാര്‍ പ്രകാരമാണ് കൂടിക്കാഴ്ചയെന്ന് വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.

സൗദിയും ഇറാനും തമ്മില്‍ പല കാര്യങ്ങളിലും ഭിന്നത നിലനില്‍ക്കുകയാണ്. എന്നാല്‍ ഇരുരാജ്യങ്ങളുടെയും താല്‍പര്യപ്രകാരമാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. ചൈന മുന്‍ക നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളാണ് അനുനയ നീക്കത്തിലേക്ക് നയിച്ചത്. ഏഴുവര്‍ഷം മുമ്പാണ് സൗദി അറേബ്യ ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. ഇരു രാജ്യങ്ങളിലെയും സ്ഥാനപതി കാര്യാലയങ്ങള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

രണ്ടുമാസത്തിനകം നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്. ചരിത്രപരമായും സാംസ്‌കാരികപരമായും ഇരു രാജ്യങ്ങള്‍ക്കും നിരവധി പൊതുസ്വഭാവങ്ങളുണ്ട്.

സംഭാഷണങ്ങളിലൂടെ സമാധാനപരമായി പ്രശ്‌നപരിഹാരം കണ്ടെത്താന്‍ കരാര്‍ സഹായിക്കും. സുരക്ഷയ്ക്കും വികസനത്തിനും, ജനക്ഷേമത്തിനും ഉതകുന്ന സഹകരണം വര്‍ധിപ്പിക്കും. ഇതാ ഗള്‍ഫ് മേഖലയുടെ സമൃദ്ധിക്ക് ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സൗദി ഇറാന്‍ ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതോടെ വര്‍ഷങ്ങളായി തുടരുന്ന യമന്‍ യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *