ഭീകരതയോടുള്ള സീറോ ടോളറൻസ് നയം വരും കാലങ്ങളിലും തുടരും: അമിത് ഷാ
ഭീകരതയോട് സഹിഷ്ണുത കാണിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ നയം വരും കാലങ്ങളിലും തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്റെ ഏത് ഭാഗത്തും നടക്കുന്ന വിഘടനവാദം, തീവ്രവാദം, ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ശക്തമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ നടന്ന 54-ാമത് സിഐഎസ്എഫ് റൈസിംഗ് ഡേ പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒമ്പത് വർഷമായി എൻഡിഎ സർക്കാർ ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെ വിജയകരമായി നേരിട്ടു. കശ്മീരിൽ അക്രമം ഗണ്യമായി കുറഞ്ഞു. വടക്കുകിഴക്കൻ, ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിൽ കലാപം കുറയുകയും ജനങ്ങളുടെ ആത്മവിശ്വാസം വർധിക്കുകയും ചെയ്തതായി കേന്ദ്രമന്ത്രി അവകാശപ്പെട്ടു. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണെന്നും പലരും ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിൽ ചേരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുറമുഖങ്ങളും വിമാനത്താവളങ്ങളും സംരക്ഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം എല്ലാ സാങ്കേതിക വിദ്യകളോടും കൂടി സിഐഎസ്എഫിനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് സിഐഎസ്എഫ് ദേശീയ തലസ്ഥാനമായ ന്യൂഡൽഹിക്ക് പുറത്ത് റൈസിംഗ് ഡേ ആഘോഷം നടത്തുന്നത്.