ചികിത്സയ്ക്ക് പണമില്ല, ജീവിതം ദുരിതത്തിൽ; ‘പിതാമകൻ’ നിർമാതാവിന് സഹായഹസ്തവുമായി സൂര്യ
പണമില്ലാതെ ചികിത്സയ്ക്ക്പോലും ദുരിതം അനുഭവിക്കുന്ന സിനിമാ നിര്‍മാതാവിന് സഹായവുമായി നടന്‍ സൂര്യ. സ്വന്തം വീടും സ്ഥാപനങ്ങളും അടക്കം നഷ്ടമായ ഇദ്ദേഹം സുഹൃത്തുക്കളുടെ കാരുണ്യത്തിലാണ് ഇപ്പോള്‍ ജീവിക്കുന്നത്. സൂര്യയും വിക്രവും ഒരുമിച്ച് അഭിനയിച്ച പിതാമകന്‍ ഉൾപ്പെടെയുള്ള സിനിമകളുടെ നിര്‍മാതാവായ വിഎ ദുരെയാണ് ഇപ്പോള്‍ കടം കയറി കഷ്ടത്തിലായത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് 25 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയിട്ടും സിനിമ ചെയ്യാതിരിക്കുകയും വാങ്ങിയ പണം തിരികെ നല്‍കാതിരിക്കുകയും ചെയ്ത സംവിധായകനെതിരെ ദുരെ രംഗത്തുവന്നിരുന്നു.
നിര്‍മാതാവിന്റെ ദുരിതജീവിതത്തെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ എത്തിയ വിഡിയോ ശ്രദ്ധയില്‍പ്പെട്ട സൂര്യ സഹയവുമായി എത്തുകയായിരുന്നു. രോഗങ്ങളാൽ ബുദ്ധിമുട്ടുകയാണെന്നും ചികിത്സയ്ക്ക് പണമില്ലെന്നുമാണ് വിഡിയോയിൽ അദ്ദേഹം പറഞ്ഞത്.
ചികിത്സയുടെ ആദ്യഘട്ടമായി രണ്ടുലക്ഷം രൂപ താരം ഇതിനോടകം നല്‍കി കഴിഞ്ഞു. വിക്രം, സൂര്യ, വിജയകാന്ത്, സത്യരാജ് എന്നിവരെ നായകരാക്കി ദുരെ സിനിമകള്‍ നിര്‍മിച്ചിരുന്നു. തമിഴിലെ വമ്പന്‍ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു ഇദ്ദേഹം. എന്നാല്‍ പിന്നീട് തിരിച്ചടികള്‍ നേരിട്ടു.