Thursday, January 9, 2025
National

ഗർഭസ്ഥ ശിശുക്കളെ ഇന്ത്യൻ സംസ്കാരം പഠിപ്പിക്കണം; ഗർഭിണികൾക്ക് പ്രത്യേക ക്യാമ്പയിനുമായി ആർഎസ്എസ്

ഗർഭസ്ഥ ശിശുക്കളെ ഇന്ത്യൻ സംസ്കാരം പഠിപ്പിക്കാനുള്ള ക്യാമ്പനിയുമായി ആർഎസ്എസ്. ആർ എസ് എസിൻ്റെ പോഷക സംഘടനയായ സംവർധിനീ ന്യാസ് ആണ് ഗർഭിണികൾക്കുള്ള പ്രത്യേക ക്യാമ്പയിൻ നടത്താൻ ആരംഭിച്ചിരിക്കുന്നത്. ഞായറാഴ്ച ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടത്തിയ ക്യാമ്പയിനിൽ 80ഓളം ഡോക്ടർമാരും ആയുർവേദ വൈദ്യന്മാരും പങ്കെടുത്തു. ഡോക്ടർമാരിൽ ഗൈനക്കോളജിസ്റ്റുകളായിരുന്നു കൂടുതൽ. എയിംസിൽ നിന്നടക്കമുള്ള ഡോക്ടർമാർ ക്യാമ്പയിന് എത്തിയിരുന്നു.

ജനനത്തിനു മുൻപ് തന്നെ കുട്ടികളെ ഇന്ത്യൻ സംസ്കാരം പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ. രാമായാണവും ഗീതാപാരായണവും യോഗാഭ്യാസവും അടങ്ങുന്ന പദ്ധതിയിൽ ഗർഭിണികളാണ് ആദ്യ ഘട്ടത്തിൽ പങ്കാവേണ്ടത്. കുട്ടിക്ക് രണ്ട് വയസാവുന്നതുവരെ ക്ലാസുകൾ തുടരും.

കുട്ടികളുടെ ലിംഗത്തെപ്പറ്റി മാതാപിതാക്കളുടെ പ്രതീക്ഷ കാരണമാണ് ചില കുട്ടികൾ ട്രാൻസ്ജെൻഡറുകളാവുന്നതെന്ന് ക്യാമ്പയിനിൽ സംസാരിച്ച ശ്വേത ഡാംഗ്രെ അവകാശപ്പെട്ടു. ‘ഗർഭ സൻസ്കാർ’ എന്ന ഈ ക്യാമ്പെയ്ൻ വഴി ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ വരെ മാറ്റാനാകുമെന്നാണ് മറ്റ് ചിലർ പറഞ്ഞു. ഓരോ വർഷവും 1000 സ്ത്രീകളെ ഗർഭ സൻസ്കാർ ക്യാമ്പയിനിൽ പങ്കെടുപ്പിക്കുമെന്ന് ഇവർ പ്രതിജ്ഞയെടുത്തു.

ശിവജിയുടെ മാതാവ് ജീജാബായിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നടത്തുന്നതെന്ന് സംവർധിനീ ന്യാസ് നാഷണൽ ഓർഗനൈസിങ്ങ് സെക്രട്ടറി മാധുരി മറാത്തെ പറഞ്ഞു. ഇത്തരത്തിൽ ക്ലാസ് നൽകിയാൽ കുട്ടികൾ ദേശഭക്തിയുള്ളവരും സ്ത്രീകളോട് ബഹുമാനമുള്ളവരുമായി വളരുമെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *