Thursday, January 23, 2025
Kerala

‘ഒന്നും മിണ്ടാതിരുന്നാൽ ഗ്രേസ് മാർക്ക്’; കെപിസിസി നേതൃത്വത്തെ വിമര്‍ശിച്ച രാഘവന് മുരളീധരന്‍റെ പിന്തുണ

കോഴിക്കോട് : കെപിസിസി നേതൃത്വത്തെ വിമര്‍ശിച്ച എംകെ രാഘവന് കെ. മുരളീധരന്‍റെ പിന്തുണ. കോൺഗ്രസ് പാർട്ടിയുടെ വികാരമാണ് രാഘവന്‍ പറഞ്ഞതെന്നും പാര്‍ട്ടിക്കുള്ളിൽ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും മുരളീധരന്‍ തുറന്നടിച്ചു. ഒരു കാര്യവും തന്നോട് പോലും ആലോചിക്കാറില്ല. വിവാദമാകുമെന്നത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടാതിരുന്നാലാണ് പാർട്ടിയിൽ ഗ്രേസ് മാർക്കെന്നും മുരളീധരന്‍ തുറന്നടിച്ചു. എംകെ രാഘവനെതിരെ കോഴിക്കോട് ഡിസിസി നൽകിയ റിപ്പോർട്ടിനെ കുറിച്ച് ഡിസിസി പ്രസിഡന്‍റ് തന്നെ പരസ്യമായി പ്രതികരിച്ചത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു. എംകെ രാഘവന്‍ ഒറ്റയ്ക്കല്ലെന്നും സമാന അഭിപ്രായമുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ഏറെയുണ്ടെന്നും തുറന്നടിക്കുകയാണ് പരസ്യപ്രതികരണത്തിലൂടെ മുരളീധരനെന്ന് വ്യക്തം.

എന്നാല്‍ രാഘവന്‍റെ പരസ്യപ്രതികരണം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും, അഭിപ്രായം പാര്‍ട്ടിക്കുള്ളിലാകണമെന്നുമാണ് കെസി വേണുഗോപാലിന്റെ പ്രതികരണം. നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങളില്‍ മറുപടി പറയേണ്ടത് കെപിസിസി പ്രസിഡന്‍റാണെന്നായിരുന്നു മുൻ അധ്യക്ഷൻ വിഎം സുധീരന്റെ മറുപടി. പരാമർശത്തിൽ എംകെ രാഘവനെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് റിപ്പോര്‍ട്ട് നല്‍കിയ പശ്ചാത്തലത്തില്‍ കെപിസിസി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയേക്കും. അങ്ങനെ വന്നാല്‍ കൂടുതല്‍ നേതാക്കളിൽ നിന്ന് പരസ്യപ്രതികരണമുണ്ടായേക്കുമെന്നാണ് സൂചന.

പാര്‍ട്ടി പുനസംഘടനയില്‍ സ്വന്തക്കാര്‍ക്ക് പകരം അര്‍ഹരായവരെ കൊണ്ടുവരണമെന്നും ഉപയോഗിച്ച് പുറംതള്ളലാണ് ഇപ്പോഴത്തെ പാര്‍ട്ടി സംസ്കാരമെന്നുമായിരുന്നു രാഘവന്റെ വിമർശനം. കോഴിക്കോട്ട് പി.ശങ്കരന്‍ അനുസ്മരണവേദിയിലാണ് എംകെ രാഘവന്‍ എംപി നേതൃശൈലിയെ രൂക്ഷമായി വിമര്‍ശിച്ചത്. വിയോജനവും വിമര്‍ശനവും പറ്റാത്ത രീതിയിലേക്ക് പാര്‍ട്ടി എത്തി. സ്ഥാനമാനം നഷ്ടപ്പെടുമെന്ന് ഭയന്ന് ആരും മിണ്ടുന്നില്ല. സംഘടനാ തിരഞ്ഞെടുപ്പില്ല. കെപിസിസി പട്ടിക ഘട്ടംഘട്ടമായി പുറത്തുവിടുന്നു. രാജാവ് നഗ്നനാണെന്ന് പറയാന്‍ ആരും തയ്യാറല്ലെന്നും രാഘവൻ അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെയാണ് പരസ്യ വിമർശനത്തിനെതിരെ പാർട്ടിക്കുളളിൽ നിന്നും പരാതിയുയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *