Friday, January 24, 2025
Kerala

സിപിഐഎം ജനകീയ പ്രതിരോധ ജാഥ: വിവാദങ്ങള്‍ക്കിടെ ഇ പി ജയരാജന്‍ ഇന്ന് പരിപാടിയുടെ ഭാഗമാകും

വിവാദങ്ങള്‍ക്കിടെ സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ ഇന്ന് ഇ പി ജയരാജന്‍ പങ്കെടുക്കും. എം വി ഗോവിന്ദന്‍ നയിക്കുന്ന ജാഥയുടെ പര്യടനം തൃശൂര്‍ ജില്ലയിലാണ് നടക്കുന്നത്. ഇ പി ജയരാജന്റെ പങ്കാളിത്തത്തോടെ വിവാദങ്ങളുടെ വാതില്‍ അടയ്ക്കാന്‍ കഴിയുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്. രാവിലെ ചെറുതുരുത്തിയില്‍ നിന്ന് ആരംഭിക്കുന്ന ജാഥ തേക്കിന്‍കാട് മൈതാനിയിലാണ് സമാപിക്കുക.

ജാഥയുടെ കണ്ണൂരിലെ സ്വീകരണ പരിപാടിയില്‍ ഇ പി ജയരാജന്‍ പങ്കെടുക്കാത്തത് മുതല്‍ക്കാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. എന്നാല്‍ ഇത് വിവാദമാക്കേണ്ടതില്ലെന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താന്‍ സഞ്ചരിക്കുന്നുണ്ടെന്നും പരിപാടികൡ പങ്കെടുക്കുന്നുണ്ടെന്നുമാണ് ഇ പി ജയരാജന്‍ പറയുന്നത്. ഇപ്പോഴും യാത്രയിലാണ്. ജാഥയില്‍ താന്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയവും വിവാദവും പ്രസക്തിയുള്ളതല്ലെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ഇ.പി ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂര്‍ മോറാഴയിലെ വൈദേകം റിസോര്‍ട്ടിനെതിരായ പരിശോധനയ്ക്ക് പിന്നാലെയാണ് ഇ പി ജാഥയിലേക്ക് എത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ഇന്നലെ ഇ പി ജയരാജന്‍ ആരോപിച്ചിരുന്നു. ആരാണ് ഗൂഢാലോചന നടത്തുന്നതെന്ന് സമയമാകുമ്പോള്‍ പറയുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *