‘അസദുദ്ദീൻ ഒവൈസി ഏറ്റവും വലിയ ഗോഹത്യക്കാരൻ’; ബിജെപി എംഎൽഎ ടി രാജ
ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസിക്കെതിരെ വിവാദ പ്രസ്താവനയുമായി തെലങ്കാന എംഎൽഎയും സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവുമായ ടി രാജ സിംഗ്. ഒവൈസി ഏറ്റവും വലിയ ഗോഹത്യക്കാരനാണെന്ന് വിമർശനം. രാജ്യത്തുടനീളം ഗോഹത്യ നിരോധന നിയമം കൊണ്ടുവരണമെന്നും രാജ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമായിരുന്നു രാജയുടെ വിമർശനം. ഇതിൻ്റെ വീഡിയോ പുറത്തുവരികയും ചെയ്തു. ഒവൈസിയുടെ മണ്ഡലത്തിൽ പശുക്കളെയും കാളകളെയും കൊന്ന് ഇറച്ചി കയറ്റുമതി ചെയ്യുന്ന അനധികൃത അറവുശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഗോഹത്യക്കാരെ ഒവൈസി ദേശസ്നേഹികൾ എന്ന് വിളിക്കുമോ എന്നും സിംഗ് ചോദിച്ചു. വിവാദ വിഡിയോയിൽ രാജസ്ഥാൻ മുഖ്യമന്ത്രിയെയും രാജ വിമർശിക്കുന്നുണ്ട്.
ഗോവധം/ഗോസംരക്ഷണം തുടങ്ങിയ വിഷയത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് രാഷ്ട്രീയം കളിക്കുകയാണെന്ന് രാജ കുറ്റപ്പെടുത്തി. പശു സംരക്ഷക സംഘങ്ങളോട് മൃദുസമീപനം പുലർത്തുന്ന ബിജെപി സർക്കാരിനെ ഒവൈസി നേരത്തെ വിമർശിച്ചിരുന്നു. ഗോസംരക്ഷകർ കാവി പാർട്ടിയുടെ ലക്ഷ്യം നിറവേറ്റാൻ സഹായിക്കുന്നുവെന്ന് ഹൈദരാബാദ് ലോക്സഭാ എംപി അവകാശപ്പെട്ടിരുന്നു.