ബഫര്‍സോണ്‍; വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും
ബഫര്‍സോണിലെ വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. നേരിട്ടുള്ള സ്ഥല പരിശോധനയ്ക്ക് ശേഷമാണ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ വിദഗ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നത്. ഉപഗ്രഹ സര്‍വ്വേയില്‍ കണ്ടെത്തിയതിനെക്കാള്‍ 20,000 നിര്‍മ്മിതികള്‍ പുതിയ റിപ്പോര്‍ട്ടില്‍ ഉണ്ട്.
രാവിലെ 11 മണിക്ക് വിദഗ്ധ സമിതി കണ്‍വീനര്‍ കൂടിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ വനമന്ത്രിയുടെ സാന്നിധ്യത്തില്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കും. സുപ്രിം കോടതി നിര്‍ദ്ദേശപ്രകാരമാണ് സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ബഫര്‍ സോണിലെ നിര്‍മ്മിതികളുടെ കണക്ക് സര്‍ക്കാര്‍ തയ്യാറാക്കിയത്.
മുഖ്യമന്ത്രിക്ക് നല്‍കുന്ന റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിശദമായി പരിശോധിക്കും. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം കൂടി തേടിയ ശേഷമാകും സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.