സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനം; ആത്മഹത്യക്ക് ശ്രമിച്ച മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു; ലവ് ജിഹാദെന്ന് ബിജെപി
കർണാടകയിൽ സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. വാറങ്കൽ ജില്ലയിലെ കാകതീയ മെഡിക്കല്‍ കോളജിലെ ഒന്നാം വർഷ പിജി വിദ്യാർത്ഥിനി ധരാവതി പ്രീതി(26) ആണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി നിംസിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്.
സീനിയർ വിദ്യാർത്ഥിയുടെ പീഡനത്തെ തുടർന്നാണ് പ്രീതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിൽ വച്ച് സ്വയം വിഷം കുത്തിവച്ചായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തെ തുടർന്ന് കേസിൽ ആരോപണ വിധേയനായ ഡോ. സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. അനസ്തേഷ്യ വിഭാഗത്തിൽ രണ്ടാം വർഷ വിദ്യാർത്ഥിയും ഡോക്ടറുമായ സെയ്ഫ് പ്രീതിയെ ജാതീയമായി അധിക്ഷേപിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് പിതാവാണ് പരാതി നൽകിയത്.
അതേസമയം ആത്മഹത്യയ്ക്ക് പിന്നിൽ ലവ് ജിഹാദാണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ ബണ്ടി സഞ്ജയ് ആരോപിച്ചു. അതേസമയം യുവതിയുടെ കുടുംബാംഗങ്ങൾക്ക് തെലങ്കാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.