Thursday, January 23, 2025
National

മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയ അറസ്റ്റിൽ

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ. 8 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സിബിഐ സിസോദിയയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനു പിന്നാലെ സിബിഐ ആസ്ഥാനത്തെ സുരക്ഷ വർധിപ്പിച്ചു.

തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് സിസോദിയ സിബിഐ ആസ്ഥാനത്തേക്ക് എത്തിയത്. അന്വേഷണവുമായി സഹകരിക്കുമെന്നും ജയിലിൽ പോകാനും മടിയില്ലെന്നും സിസോദിയ വ്യക്തമാക്കി.

ഡൽഹി മദ്യ നയ അഴിമതി കേസിൽ ഇത് രണ്ടാം തവണയാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനോടനുബന്ധിച്ച് സിബിഐ ആസ്ഥാനത്തിന് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആസ്ഥാന പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് പൊലീസിനെയും കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. സിസോദിയയെ ചോദ്യം ചെയ്യുന്നതിനായി പ്രത്യേക ചോദ്യവലി തന്നെ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് സിബിഐ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

ചോദ്യം ചെയ്യലിനെ പാർട്ടിയുടെ ശക്തി പ്രകടനമാക്കി മാറ്റുകയാണ് ആം ആദ്മി. സിബിഐ ആസ്ഥാനത്ത് ഹാജരാകാൻ ഇറങ്ങിയ സിസോദിയക്ക് പിന്തുണയുമായി ആം ആദ്മി പ്രവർത്തകർ വീട്ടിൽ എത്തി. രാജ് ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരമർപ്പിച്ച സിസോദിയ പ്രവർത്തകരെ അഭിസംബോധന ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *