നാഗാലാൻഡിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, 13 പേർക്ക് പരുക്ക്
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സുരക്ഷാ ഉദ്യോഗസ്ഥരുമായി പോയ ബസ് മറിഞ്ഞ് അപകടം. ഞായറാഴ്ച ഉച്ചയോടെ നാഗാലാൻഡിലെ വോഖയിലാണ് സംഭവം. അപകടത്തിൽ ഒരാൾ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വോഖ ജില്ലയിലെ ദോവാങ് ജലവൈദ്യുത പദ്ധതിക്ക് സമീപം പോളിംഗ് ഉദ്യോഗസ്ഥരുമായി വന്ന ബസ് മറിയുകയായിരുന്നു. പോളിംഗ് സ്റ്റേഷനിൽ നിന്ന് പത്ത് മിനിറ്റ് അകലെയാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ബസ് ഡ്രൈവറാണ് മരിച്ചത്.
പരുക്കേറ്റവരിൽ ആറുപേരെ തുടർ ചികിത്സയ്ക്കായി വിമാനമാർഗം ദിമാപൂരിലേക്ക് കൊണ്ടുപോയി. ബാക്കിയുള്ളവരെ നിസാര പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.