കെപിസിസി അംഗങ്ങളുടെ പ്രഖ്യാപനം; കേരളത്തില്‍ നിന്നുള്ള പട്ടിക അംഗീകരിച്ചിട്ടില്ലെന്ന് എഐസിസി
കെപിസിസി അംഗങ്ങളുടെ പ്രഖ്യാപനത്തില്‍ കേരളത്തില്‍ നിന്നയച്ച പട്ടിക അംഗീകരിച്ചിട്ടില്ലെന്ന നിലപാടില്‍ എഐസിസി. സംസ്ഥാനഘടകം നല്കിയ പട്ടികയിലുള്ളവരെ പ്ലീനറി സമ്മേളനത്തിലേക്ക് ക്ഷണിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തതുകൊണ്ട് പട്ടിക അംഗീകരിക്കപ്പെട്ടതായി അര്‍ത്ഥമില്ല. കേരള ഘടകം നല്കിയ പേരുകളില്‍ തര്‍ക്കമുണ്ടെങ്കില്‍ വിശദമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി.
സംസ്ഥാന ചുമതലയുള്ള നേതാക്കളെ എഐസിസി ജനറല്‍ സെക്രട്ടറി ഇന്ന് ഇക്കാര്യം അറിയിക്കും. പട്ടിക അംഗീകരിച്ചതുകൊണ്ട് റദ്ദാക്കണമെന്ന ആവശ്യം പ്രസക്തമല്ലെന്ന് വ്യക്തമാക്കുമെന്നും ദേശീയ നേതൃത്വം അറിയിച്ചു.
എഐസിസിയിലേക്ക് കെ സുധാകരനും വി ഡി സതീശനും സമര്‍പ്പിച്ച കേരളത്തിലെ നേതാക്കളുടെ പട്ടികയില്‍ പുനഃപരിശോധനയ്ക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. പട്ടികയ്ക്കെതിരെ എ, ഐ വിഭാഗങ്ങള്‍ രംഗത്തുവന്നതോടെയാണ് ദേശീയ നേതൃത്വം പരിശോധനയ്ക്കൊരുങ്ങുന്നത്.
കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ 60 അംഗ പട്ടികയാണ് ദേശീയ നേതൃത്വത്തിന് അയച്ചിരിക്കുന്നത്. എന്നാല്‍ ഈ എണ്ണം 50 ല്‍ കൂടുതലാവാന്‍ പാടില്ലെന്നാണ് ദേശീയ നേതൃത്വമെടുത്ത നിലപാട്. തുടര്‍ന്ന് പത്തു പേരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് മാറ്റി. ക്ഷണിക്കപ്പെട്ടതനുസരിച്ച് പത്തുനേതാക്കളും എത്തുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനായില്ല. തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗ്യതയല്ല പരാതി ഉന്നയിക്കുന്നവര്‍ ചോദിക്കുന്നത്. അവരെക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ള ആളുകള്‍ ഉണ്ടായിരുന്നെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്
പ്ലീനറി പ്രതിനിധി പട്ടികയിലെ തര്‍ക്കം പരിഹരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടി കെ സി വേണുഗോപാല്‍ പറഞ്ഞു. പട്ടിക ഔദ്യോഗികമല്ല. തര്‍ക്ക പരിഹാരത്തിന് വേഗത്തില്‍ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഐസിസി പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനാണ് കേരളത്തില്‍ നിന്ന് 60 പേര്‍ക്ക് കെപിസിസി അംഗത്വം നല്‍കിയത്. ഇഷ്ടക്കാരെ നേതൃത്വം തിരുകിക്കയറ്റിയെന്നാണ് എ ഗ്രൂപ്പ് ഉന്നയിക്കുന്ന ആക്ഷേപം.