വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടെന്ന പരാതി: തനിക്കെതിരെ നടന്നത് പ്രതികാര നടപടിയെന്ന് പ്രിന്‍സിപ്പല്‍
വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടെന്ന പരാതിയില്‍ തനിക്കെതിരെ നടന്നത് പ്രതികാര നടപടിയെന്ന് കാസര്‍ഗോഡ് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ എം.രമ. നേരെത്തെ തീരുമാനിച്ച അജണ്ട പ്രകാരമാണ് പ്രതിഷേധം ഉണ്ടായത്. കൊളജില്‍ നടക്കുന്ന തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പ്രകോപിതരാക്കിയതെന്നും എം.രമ പറഞ്ഞു.
കുടിവെള്ള പ്രശ്‌നത്തില്‍ പരാതിയുമായി എത്തിയ വിദ്യാര്‍ത്ഥിളെ പൂട്ടിയിട്ട സംഭവത്തില്‍ പ്രിന്‍സിപ്പലിനെ കഴിഞ്ഞ ദിവസം ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. ഇതിലാണ് വിശദീകരണവുമായി മുന്‍ പ്രിന്‍സിപ്പല്‍ എം.രമ രംഗത്തെത്തിയത്. ക്യാമ്പസില്‍ നടന്ന ലഹരി ഇടപാട് ഉള്‍പ്പെടെയുള്ള തെറ്റായ പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിനെ തുടര്‍ന്നുള്ള പ്രതികാര നടപടിയാണ് ഇപ്പോള്‍ ഉണ്ടായത്. സംഭവത്തില്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് നടപടി ഉണ്ടായതെന്നും എം.രമ പറഞ്ഞു.
അതേസമയം ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവ് പുറത്തുവിടണമെന്നാണ് എസ്. എഫ്. ഐയുടെ നിലപാട്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നല്‍കിയ കേസിനെ നിയമപരമായി നേരിടുമെന്ന് യൂണിറ്റ് സെക്രട്ടറി എ.കെ അക്ഷയ്. പിന്‍സിപ്പല്‍ ഉന്നയിച്ച ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യവുമായി ബിജെപിയും രംഗത്തെത്തി. വിഷയത്തില്‍ വൈസ് ചാന്‍സലര്‍ക്കും, മനുഷ്യാവകാശ കമ്മിഷനും ബിജെപി പരാതി നല്‍കി.