ദുരിതാശ്വാസ നിധി തട്ടിപ്പ്; അടൂര്‍ പ്രകാശന് വീഴ്ച പറ്റിയെന്ന് എം വി ഗോവിന്ദന്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍. വിവിധ വകുപ്പുകളുടെ സംയുക്ത അന്വേഷണം വന്നേക്കും. വിജിലന്‍സ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്.
സിഎംഡിആര്‍എഫില്‍ അന്വേഷണം തുടരട്ടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. വിഷയത്തില്‍ അടൂര്‍ പ്രകാശിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന് പറഞ്ഞു. സിപിഐഎം പ്രതിരോധ ജാഥയക്കിടെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
‘തട്ടിപ്പ് പുറത്തുവന്നയുടന്‍ മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്’ പാര്‍ട്ടി അറിഞ്ഞുകൊണ്ടുള്ള’താണെന്നാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഉന്നതരായ നേതൃത്വം അറിഞ്ഞുകൊണ്ടാണ് തട്ടിപ്പ് നടന്നതെന്ന് അന്വേഷണം പുരോഗമിക്കുമ്പോള്‍ വ്യക്തമാകുന്നു. അടൂര്‍ പ്രകാശിന്റെയും വി ഡി സതീശന്റെയുമൊക്കെ പങ്കിനെ കുറിച്ചാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോണ്‍ഗ്രസിലെ ചില നേതാക്കന്മാരുടെ ഫോണ്‍ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പുകാര്‍ പ്രവര്‍ത്തിച്ചത് എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ഗുരുതരമായ രോഗം ബാധിച്ചവര്‍, അപകടത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, പ്രകൃതിക്ഷോഭങ്ങളില്‍ ഇരയായവര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം നല്‍കുന്നത്. ചികിത്സാ സഹായത്തിനാണ് ഏറ്റവും കൂടുതല്‍ സഹായം നല്‍കാറുള്ളത്. ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നതും ഈ വിഭാഗത്തിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പിച്ചിട്ടുണ്ട്.
വിജിലന്‍സ് മേധാവി സമര്‍പ്പിച്ച റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ തീരുമാനം ഉണ്ടാവും. ദുരിതാശ്വാസം നല്‍കുന്നത് ആറുമാസത്തിലൊരിക്കല്‍ ഓഡിറ്റ് ചെയ്യാന്‍ കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സെല്‍ വേണമെന്ന് മനോജ് എബ്രഹാം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.