Wednesday, April 16, 2025
Kerala

രക്തജന്യ രോഗങ്ങള്‍ ബാധിച്ചവരുടെ സംസ്ഥാനതല മാപ്പിംഗ് നടത്തും: രോഗീ സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ നടപടി

ഹീമോഫീലിയ, തലസീമിയ, സിക്കിള്‍സെല്‍ അനീമിയ തുടങ്ങിയ അപൂര്‍വ രക്തജന്യ രോഗങ്ങള്‍ ബാധിച്ചവരെ കണ്ടെത്തി ചികിത്സയും പരിചരണവും ഉറപ്പാക്കാന്‍ സംസ്ഥാനതല മാപ്പിംഗ് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതിലൂടെ രോഗികളെ കൃത്യമായി ട്രാക്ക് ചെയ്ത് ചികിത്സയും സഹായങ്ങളും എത്തിക്കാന്‍ സാധിക്കും. മാത്രമല്ല അടിയന്തരഘട്ടത്തില്‍ രോഗികളെ വേഗത്തില്‍ ആശുപത്രികളിലെത്തിക്കാനും കഴിയും. രോഗം ബാധിച്ച സിക്കിള്‍സെല്‍ രോഗികളെ സൗജന്യമായി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ 108 ആംബുലന്‍സ് സേവനം ലഭ്യമാക്കിവരുന്നതായും മന്ത്രി വ്യക്തമാക്കി. രക്തജന്യ രോഗങ്ങള്‍ ബാധിച്ചവരുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താനായി കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

രക്തജന്യ രോഗികള്‍ക്കായുള്ള ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. രോഗീസൗഹൃദമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. മാനന്തവാടി ആശുപത്രിയില്‍ 10 കിടക്കകളുള്ള പ്രത്യേക വാര്‍ഡ് ഇവര്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. ഈ രോഗികള്‍ക്ക് ക്യൂ സമ്പ്രദായം ഒഴിവാക്കിയിട്ടുണ്ട്. മാനന്തവാടി ആശുപത്രിയില്‍ പരിശോധനകള്‍ക്കായി 12 ലക്ഷത്തിന്റെ എച്ച്പിസിഎല്‍ മെഷിന്‍ സജ്ജമാക്കി. സ്‌ക്രീനിംഗ് ഏകോപനത്തിന് സിക്കിള്‍ സെല്‍ പ്രോജക്ട് കോര്‍ഡിനേറ്ററെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും വയനാട്ടിലേക്ക് മാറ്റി നിയമിച്ചു.

കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലിചെയ്തു വരുന്ന ലാബ് ടെക്നിഷ്യന്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെ വയനാട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. വയനാട്ടിലെ 16 ആശുപത്രികളിലെ എല്ലാ ലാബ് ടെക്നീഷ്യന്‍മാര്‍ക്കും റിഫ്രഷര്‍ പരിശീലനം നല്‍കി. പ്രാഥമിക സ്‌ക്രീനിംഗ് നടത്തി സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കി വരുന്നു. ആവശ്യമായ സര്‍ജറിയും ചെയ്തുവരുന്നു.

ഹീമോഫീലിയ, തലസീമിയ, സിക്കിള്‍ സെല്‍ രോഗികള്‍ക്ക് സഹായവുമായി ആശാധാര പദ്ധതി വിപുലീകരിച്ചു. ഈ പദ്ധതിയ്ക്ക് കീഴില്‍ ഓരോ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും പരിശീലനം നേടിയ ഫിസിഷ്യന്‍മാരുടേയും പരിശീലനം സിദ്ധിച്ച അര്‍പ്പണബോധമുള്ള സ്റ്റാഫ് നഴ്‌സിന്റേയും സേവനം ലഭ്യമാക്കി വരുന്നു. ആദിവാസി രോഗബാധിതര്‍ക്ക് ട്രൈബല്‍ വകുപ്പ് വഴിയും ആദിവാസി ഇതര സിക്കിള്‍സെല്‍ അനീമിയ രോഗികള്‍ക്ക് കെ.എസ്.എസ്.എം. വഴിയും പെന്‍ഷന്‍ നല്‍കി വരുന്നു. ഒരു രോഗിക്ക് പ്രതിമാസം നല്‍കുന്ന സൗജന്യ ഭക്ഷണ കിറ്റിന്റെ തുക വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. പെന്‍ഷന്‍ ലഭ്യമല്ലാത്ത മുഴുവന്‍ രോഗികള്‍ക്കും സഹായം ഉറപ്പാക്കും.

രക്തജന്യ രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കും ഗവേഷണത്തിനുമായി വയനാട്ടില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന കോമ്പ്രിഹെന്‍സീവ് ഹീമോഗ്ലോബിനോപ്പതി റിസര്‍ച്ച് കെയര്‍ സെന്ററിന്റെ വിശദമായ പ്രപ്പോസല്‍ തയ്യാറാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *