പാര്‍ട്ടിയുടെ ജാഥയ്ക്കില്ല; ഇ.പി ജയരാജന്‍ വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ വസതിയില്‍
സിപിഐഎം ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലെത്തി. കൊച്ചി വെണ്ണലയിലെ വീട്ടിലെത്തിയ ഇ.പി ജയരാജന്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുത്തു.
ഇ പി ജയരാജനൊപ്പം പ്രൊഫ.കെ വി തോമസും ചടങ്ങിലെത്തി. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പരിപാടികളുള്ളതിനാലാണ് സിപിഐഎമ്മിന്റെ ജനകീയ ജാഥയില്‍ പങ്കെടുക്കാത്തതെന്നായിരുന്നു ഇ പി യുടെ വിശദീകരണം. ഞായറാഴ്ചയാണ് ഇ പി ജയരാജന്‍ നന്ദകുമാറിന്റെ വീട്ടിലെത്തിയത്. ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലെ ചടങ്ങില്‍ ഇ.പി പങ്കെടുക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം.
താന്‍ ജാഥയിലെ അംഗമല്ലെന്നും മുന്‍ നിശ്ചയിച്ച മറ്റു പരിപാടികള്‍ ഉണ്ടായിരുന്നുതിനാലാണ് പങ്കെടുക്കാനാകാത്തതെന്നുമായിരുന്നു നേരത്തെ ഇ പി വിശദീകരിച്ചത്.ജാഥ പൂര്‍ത്തിയായിട്ടില്ലല്ലോയെന്നും ഇ.പി ചോദിച്ചു. ഇപി മനഃപൂര്‍വ്വം വിട്ടുനില്‍ക്കുന്നതല്ലെന്നും എല്‍ഡിഎഫ് കണ്‍വീറനായ അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും ജാഥയില്‍ പങ്കെടുക്കാമല്ലോ എന്ന് പാര്‍ട്ടി സെക്രട്ടറി ചോദിക്കുകയും ചെയ്തിരുന്നു.
ജാഥ പാര്‍ട്ടി ഗ്രാമങ്ങളിലെത്തിയിട്ടും ഇ പി പങ്കെടുക്കാതിരുന്നത് വാര്‍ത്തയായതിനിടെയാണ് നന്ദകുമാറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ വിവരങ്ങള്‍ പുറത്തുവരുന്നത്.