ഗ്രാമവണ്ടി പദ്ധതി പഞ്ചായത്തുകൾ ഏറ്റെടുക്കണം: മന്ത്രി ആന്റണി രാജു
സാധാരണക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഗ്രാമവണ്ടി പദ്ധതി പഞ്ചായത്തുകൾ ഏറ്റെടുക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഗ്രാമവണ്ടി ജനകീയമാക്കുന്നതിൽ പഞ്ചായത്തുകൾക്ക് പ്രധാനപങ്കുണ്ടെന്നും പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും പ്രതിസന്ധികളെ അതിജീവിക്കുന്നതിനും നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കല്ലറ പഞ്ചായത്തിൽ, കെഎസ്ആർടിസിയും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിന് ഡി.കെ മുരളി എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ യാത്രാബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലേക്ക് 16 സർവീസുകളാണ് നിലവിൽ ഗ്രാമവണ്ടിക്കുള്ളത്. സൗജന്യ കന്നി യാത്രയിൽ എംഎൽഎയും യാത്രക്കാരനായി. കീഴാർ റൂട്ടിലായിരുന്നു ഗ്രാമവണ്ടിയുടെ ആദ്യ യാത്ര.