Monday, March 10, 2025
Kerala

മുഖ്യമന്ത്രി ക്വാറൻ്റീനിൽ പോയാൽ ആളുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാം; പി.കെ കൃഷ്ണദാസ്

മുഖ്യമന്ത്രി ക്വാറൻ്റീനിൽ പോയാൽ ആളുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസിന്റെ പരിഹാസം. മുഖ്യമന്ത്രിയെ ക്വാറൻ്റീനിൽ ആക്കിയാൽ സർക്കാരിന് അത് ലാഭമാകും. ജനാധിപത്യ പ്രതിഷേധത്തെ ആക്രമിക്കുകയാണ് സർക്കാർ. സിപിഐഎം യാത്ര പൊറാട്ട് നാടകമാണ്. സത്യത്തെ പ്രതിരോധിക്കാനാണ് ഈ പ്രച്ഛന്ന യാത്ര നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഭരണപരാജയവും പാർട്ടിക്ക് അകത്തെ ആഭ്യന്തര പ്രശ്നവും മറച്ചുവയ്ക്കാനാണ് യാത്ര. കേരളം സാമ്പത്തികമായി കൂപ്പുകുത്തുകയാണ്. എന്നിട്ടും ധൂർത്തിനും ദുർവ്യയത്തിനും കുറവില്ല. വിലക്കയറ്റം രൂക്ഷമായതോടെ ജനജീവിതം ദുസഹമായിരിക്കുകയാണ്. മുഖ്യമന്ത്രി സ്വർണക്കടത്ത് നടത്തുമ്പോൾ ആകാശ് തില്ലങ്കേരിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നാണ് ചിന്ത. പകലിൽ ലഹരി വിരുദ്ധതയും രാത്രി ലഹരി വ്യാപാരവുമാണ് സിപിഐഎംകാരുടെ പ്രധാന പണി.

സിപിഐഎമ്മിൽ ചേരിപ്പോരാണ് നടക്കുന്നത്. ഇപി ജയരാജൻ ജാഥയിൽ നിന്ന് വിട്ടുനിൽക്കാൻ കാരണം ഇതാണ്. സ്വന്തം ജില്ലയിൽ പോലും ജയരാജൻ പങ്കെടുക്കുന്നില്ല. പാർട്ടിയിലെ പ്രശ്നം കേരളത്തിൻ്റെ തെരുവിൽ വരെ എത്തിയിരിക്കുകയാണ്. ആലപ്പുഴയിൽ സിപിഐഎമ്മിനുള്ളിലെ തമ്മിലടി കവലയിൽ വരെ എത്തിയത് എല്ലാവരും കണ്ടതാണല്ലോ.

കോഴിക്കോട് നടന്നത് ജനാധിപത്യ പ്രതിഷേധമാണ്. പ്രവർത്തകനെ ആദ്യം മർദിച്ചത് പൊലീസ് തന്നെയാണ്. പലർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവർക്ക് ചികിത്സ ലഭ്യമാക്കിയത് കോടതിയിടപെട്ടാണ്. ഇതെന്ത് പൊലീസാണെന്നാണ് മനസിലാകാത്തത്. ചില പൊലീസ് ഓഫീസർമാർ മാർക്സിസ്റ്റ് ചമയുകയാണ്. പാർലമെൻ്റ് തെരഞ്ഞെടുപ്പ് കെ. സുരേന്ദ്രൻ നയിക്കുമെന്നും തങ്ങൾക്ക് അക്കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *