അസദുദ്ദീൻ ഒവൈസിയുടെ വീടിന് നേരെ കല്ലേറ്
എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ വീടിന് നേരെ കല്ലേറ്. ഡൽഹിയിലെ വസതിക്ക് നേരെയുണ്ടായ കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്.
ഇന്നലെ വൈകീട്ട് 5.30ന് ഡൽഹിയിലെ അശോക റോഡിലെ വീടിന് നേരെയായിരുന്നു അജ്ഞാതരുടെ ആക്രമണം. ‘ഇന്നലെ രാത്രി 11.30ക്കാണ് ഞാൻ വീട്ടിലെത്തുന്നത്. വീടിന്റെ ജനൽ ചില്ലുകൾ തകർന്ന നിലയിൽ കാണപ്പെടുന്നത് അപ്പോഴായിരുന്നു. തുടർന്ന് എന്റെ സഹായിയാണ് പറഞ്ഞത് അജ്ഞാത സംഘം വീടിന് നേരെ അക്രമം അഴിച്ചുവിട്ട കാര്യം’- ഒവൈസി പറഞ്ഞു.
വീടിന് നേരെയുണ്ടാകുന്ന നാലാമത്തെ ആക്രമണമാണ് ഇതെന്നും ഒവൈസി ആരോപിച്ചു. കുറ്റവാളികളെ ഉടൻ പിടി കൂടണമെന്നും, തന്റെ വീട് സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലിൽ ഇതാണ് അവസ്ഥയെന്നും ഒവൈസി പറഞ്ഞു.
സംഭവത്തിൽ അസദുദ്ദീൻ ഒവൈസി പൊലീസിൽ പരാതി നൽകി. അഡീഷ്ണൽ ഡിസിപി സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.