വധുവിന്റെ പ്രായം 25 ല്‍ താഴെയെങ്കില്‍ ധനസഹായം; പ്രഖ്യാപനവുമായി ചൈനയിലെ പ്രാദേശിക ഭരണകൂടം
നവദമ്പതികള്‍ക്ക് വിവാഹ സമ്മാനമായി ധനസഹായം പ്രഖ്യാപിച്ച് കിഴക്കൻ ചൈനയിലെ പ്രാദേശിക ഭരണകൂടം.ദമ്പതികളിൽ വധുവിന് പ്രായം 25 വയസോ അതിൽ താഴെയോ ആണെങ്കിൽ 1,000 യുവാനാണ് (11,000 രൂപ) ലഭിക്കുക. ചാങ്ഷാൻ കൗണ്ടിയുടെ വീചാറ്റ് അക്കൗണ്ടിലാണ് ഇതുസംബന്ധിച്ച നോട്ടീസ് പ്രസിദ്ധീകരിച്ചത്. ജനനനിരക്ക് കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടെ യുവാക്കളെ വിവാഹം കഴിക്കാൻ പ്രേരിപ്പിക്കുന്നതിനാണ് പുതിയ നടപടി.
ആദ്യ വിവാഹങ്ങൾക്ക് ‘പ്രായത്തിന് അനുയോജ്യമായ വിവാഹവും കുട്ടികളെ പ്രസവിക്കുന്നതും’ പ്രോത്സാഹിപ്പിക്കാനാണ് പ്രതിഫലമെന്ന് നോട്ടീസിൽ പറയുന്നു. ഗർഭം ധരിച്ച സ്ത്രീകൾക്ക് സഹായം, ശിശു സംരക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസ സബ്സിഡി എന്നിവയും നൽകുന്നു.
ആറ് പതിറ്റാണ്ടിനിടെ ആദ്യമായാണ് ചൈനയിലെ ജനസംഖ്യയിൽ ഇടിവുണ്ടായത്. ഈ സാഹചര്യത്തിൽ വിവിധ പദ്ധതികളാണ് അധികൃതര്‍ ആവിഷ്‌കരിക്കുന്നത്. വിവാഹിതരാകുന്ന ദമ്പതികളുടെ എണ്ണം കുറയുകയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതേതുടർന്ന് സാമ്പത്തിക പ്രോത്സാഹനങ്ങളും മെച്ചപ്പെട്ട ശിശുസംരക്ഷണ സൗകര്യങ്ങളും ഉൾപ്പെടെ ജനനനിരക്ക് ഉയർത്തുന്നതിനുള്ള നടപടികളിലാണ് അധികാരികളുടെ ശ്രദ്ധ.