Sunday, January 5, 2025
World

അതിശൈത്യത്തിൽ മരവിച്ച് അമേരിക്ക; മരണം 60 ആയി, ന്യൂയോർക്കിൽ സ്ഥിതി അതീവ ഗുരുതരം

ന്യൂയോ‍ർക്ക്: ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്ന അമേരിക്കയിൽ മരണം 60 ആയി. രണ്ട് കോടി ജനങ്ങൾ താമസിക്കുന്ന ന്യൂയോർക്ക് സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണ്. ലക്ഷക്കണക്കിന് അമേരിക്കൻ മലയാളികളുടെ ജീവിതവും നരകതുല്യമായി. ലക്ഷക്കണക്കിന് വീടുകൾ ഇപ്പോഴും ഇരുട്ടിലാണ്. റെയിൽ, റോഡ്, വ്യോമ ഗതാഗത സംവിധാനങ്ങൾ താറുമാറായി.

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഗതാഗത കുരുക്കിൽ അകപ്പെട്ട വാഹനങ്ങൾക്ക് അകത്ത് നിന്നും വീടുകൾക്ക് പുറത്തു നിന്നുമായാണ് പല മൃതദേഹവും കണ്ടെടുത്തത്. നിരവധി പേർ ഇപ്പോഴും പലയിടത്തായി കുരുങ്ങി കിടക്കുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ക്രിസ്മസ് തലേന്ന് പുറത്തിറങ്ങിയ അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബത്തെ കാറിൽ നിന്ന് രക്ഷപ്പെടുത്തിയത് മണിക്കൂറുകൾക്ക് ശേഷമാണ്. സംസ്ഥാനത്ത് യുദ്ധ സമാന സാഹചര്യമാണെന്നാണ് ന്യൂയോർക്ക് ഗവർണർ വിശേഷിപ്പിച്ചത്.

പലയിടങ്ങളും മഞ്ഞുമൂടി കിടക്കുന്നതിനാൽ റെയിൽ റോഡ് വ്യോമ ഗതാഗത സംവിധാനങ്ങൾ പഴയ പടിയായിട്ടില്ല. അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ, യുണൈറ്റഡ് എയർലൈൻസ് തുടങ്ങി പ്രധാന വിമാന കമ്പനികളുടെ എല്ലാം ഭൂരിപക്ഷം സർവീസുകളും നിലച്ചു. വൈദ്യുതി തടസ്സം പൂർണമായി പരിഹരിക്കാനാകാത്തതിനാൽ ലക്ഷക്കണക്കിന് വീടുകൾ ഇപ്പോഴും ഇരുട്ടിലാണ്. വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് അൽപം കുറവുണ്ടാകും എന്നാണ് കാലാവസ്ഥാ അറിയിപ്പ്. മഞ്ഞുരുകുന്നതോടെ മാത്രമേ ദുരന്തം എത്ര പേരുടെ ജീവൻ അപഹരിച്ചു എന്ന് വ്യക്തമാകൂ.

Leave a Reply

Your email address will not be published. Required fields are marked *