Saturday, January 4, 2025
World

യുക്രൈനിൽ കഴിയുന്ന എല്ലാ ഇന്ത്യക്കാരും ഉടൻ മടങ്ങണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലം

യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ കഴിയുന്ന എല്ലാ ഇന്ത്യക്കാരും ഉടൻ മടങ്ങണമെന്ന് ഇന്ത്യ. ഒരു കാരണത്താലും യുക്രൈനിൽ തുടരരാൻ ശ്രമിയ്ക്കരുതെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിദേശകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച മാർഗ്ഗനിർദേശം പുറത്തിറക്കിയത്. വിദ്യാർത്ഥികൾ അടക്കമുള്ള എല്ലാവരും യുക്രൈൻ വിടണം എന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്.

യുക്രൈനിലെ ഇന്ത്യക്കാർക്ക് അതിർത്തി കടക്കാനുള്ള മാർഗ നിർദേശങ്ങൾ ഇന്ത്യൻ എംബസി പുറത്തിറക്കിയിരുന്നു. ഹങ്കറി, സ്ലോവാക്യ, മോൾഡോവ, പോളണ്ട്, റൊമാനിയ അതിർത്തികൾ വഴി പുറത്ത് കടക്കാനാണ് നിർദേശം. പാസ്പോർട്ട്, റസിഡന്റ് പെർമിറ്റ്‌, സ്റ്റുഡന്റ് കാർഡ് എന്നിവ കൈയിൽ കരുതണം. ആവശ്യമായ ഇടങ്ങളിൽ ട്രാൻസിറ്റ് വിസ എടുക്കണമെന്നും നിർദേശമുണ്ട്.

ഇന്ത്യൻ പൗരൻമാരോട് അടിയന്തരമായി യുക്രൈൻ വിടണമെന്ന നിർദേശം രണ്ട് ദിവസം മുമ്പ് എംബസിയും നൽകിയിരുന്നു. റഷ്യ-യുക്രൈൻ സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് ഇത്തരമൊരു നിർദേശം ഇന്ത്യൻ എംബസി നൽകിയത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ അടിയന്തരമായി രാജ്യം വിടണമെന്ന് കീവിലെ ഇന്ത്യൻ എംബസിയിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.

അതുപോലെ ആരും യുക്രൈനിലേക്ക് യാത്ര പോകരുതെന്നും നിർദേശമുണ്ട്. യുക്രൈനിലേക്ക് പോകുന്നതിന് എംബസിയുടെ വിലക്കുണ്ടെങ്കിലും അത് മറികടന്ന് മലയാളികളുൾപ്പെടെ ഒട്ടേറെ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസങ്ങളിൽ പഠനം പൂർത്തീകരിക്കാനായി തിരിച്ചു പോയത്.

Leave a Reply

Your email address will not be published. Required fields are marked *