വീണ്ടും മദ്യലഹരിയില്‍ മൂത്രമൊഴിച്ച് അതിക്രമം; അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാരന്‍ അറസ്റ്റില്‍
മദ്യപിച്ച് വിമാനത്തില്‍ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചെന്ന പരാതിയില്‍ അറസ്റ്റ്. ന്യൂയോര്‍ക്ക്-ന്യൂഡല്‍ഹി അമേരിക്കന്‍ എയര്‍ലൈന്‍സിലാണ് മദ്യലഹരിയില്‍ ഇന്ത്യക്കാരന്‍ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ചത്.
അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എഎ 292 വിമാനത്തിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ വിമാനം ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഇറക്കിയതിന് ശേഷം യാത്രക്കാരനെ സിഐഎസ്എഫ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന സഹയാത്രക്കാരുടെ മൊഴി രേഖപ്പെടുത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ അറിയിച്ചു. കേസില്‍ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു.
യാത്രക്കാരനെക്കുറിച്ച് എയര്‍ലൈന്‍സ് സ്റ്റാഫ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സിവില്‍ ഏവിയേഷന്‍ ആക്ട് പ്രകാരം നിയമനടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം മൂത്രമൊഴിച്ചെന്ന പരാതിയെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.
നേരത്തെ ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മദ്യലഹരിയില്‍ വനിതാ യാത്രികയുടെ ദേഹത്ത് സഹയാത്രികന്‍ മൂത്രമൊഴിക്കുകയായിരുന്നു. എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെച്ചായിരുന്നു സംഭവം.