Sunday, April 13, 2025
World

കൊവിഡ് സീറോ സ്ട്രാറ്റജി: ഡെല്‍റ്റ വകഭേദത്തിന്റെ ഉറവിടം കണ്ടെത്തി ന്യൂസിലന്‍ഡ്

വെല്ലിംഗ്ടൺ: രാജ്യത്ത് ഡെല്‍റ്റ വകഭേദത്തിന്റെ ഉറവിടം കണ്ടെത്തിയതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കൊവിഡ് 19ന്റെ ഉറവിടം സംബന്ധിച്ച ആശങ്ക നീങ്ങിയതായും ജസീന്ത വ്യക്തമാക്കി. രാജ്യത്ത് ഡെല്‍റ്റ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ന്യൂസിലന്‍ഡില്‍ കഴിഞ്ഞ ദിവസം ജസീന്ത ആര്‍ഡന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

ഓക്ക്‌ലന്‍ഡില്‍ ഒരു ആഴ്ചത്തേക്കും മറ്റുള്ളയിടങ്ങളില്‍ മൂന്ന് ദിവസവുമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഓക്ക്‌ലന്‍ഡ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറ് മാസത്തിനിടെ യാതൊരു കമ്മ്യൂണിറ്റി കേസും സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് അതിതീവ്രവ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ച ആളില്‍ നടത്തിയ പരിശോധനയില്‍ ഓസ്‌ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്ത ഡെല്‍റ്റ വകഭേദമാണ് സ്ഥിരീകരിച്ചതെന്ന് കണ്ടെത്തി. സിഡ്‌നിയില്‍ നിന്നും ഓഗസ്റ്റ് 7ന് എത്തിയ ആള്‍ വന്ന അന്ന് മുതല്‍ ക്വാറന്റീനിലും ആശുപത്രിയിലുമാണ്.

ഡെല്‍റ്റ വകഭേദത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞതോടെ വൈറസ് വ്യാപനം തടയാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും സാധിച്ചതായി ജസീന്ത പറഞ്ഞു. പതിനൊന്ന് കേസുകള്‍ ഒറ്റ രാത്രി കൊണ്ടാണ് 21 ആയി ഉയര്‍ന്നത്. കൊവിഡ് കേസുകള്‍ കുറയ്ക്കുന്നതില്‍ കൊവിഡ് സീറോ സ്ട്രാറ്റജിയാണ് ന്യൂസിലന്‍ഡ് പിന്തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *