പെൺകുട്ടികൾ പഠിക്കണമെന്ന് 90% അഫ്ഗാനികൾ; പിന്തുണ പ്രാദേശിക മാധ്യമം നടത്തിയ വോട്ടെടുപ്പിൽ
പെൺകുട്ടികൾക്കായി സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനെ പിന്തുണച്ച് 90% അഫ്ഗാനികൾ. പ്രാദേശിക മാധ്യമമായ TOLO ന്യൂസ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിലാണ്, പെൺകുട്ടികൾ പഠിക്കണമെന്ന് 90% ആളുകൾ വിധിയെഴുതിയത്. പെൺമക്കളെ സ്‌കൂളിൽ അയക്കാൻ മാതാപിതാക്കൾ തയ്യാറല്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഫലം പുറത്തുവന്നത്.
TOLO ന്യൂസിൻ്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ വഴിയാണ് ഓൺലൈൻ വോട്ടെടുപ്പ് നടന്നത്. 24 മണിക്കൂർ വോട്ടെടുപ്പ് നീണ്ടുനിന്നു. ‘34,100ൽ അധികം ആളുകൾ ഫേസ്ബുക്കിൽ വോട്ട് ചെയ്തു. കൃത്യമായി പറഞ്ഞാൽ 89.7 ശതമാനം പേർ പെൺകുട്ടികളുടെ സ്‌കൂളുകൾ തുറക്കുന്നതിനെ പിന്തുണച്ചു. 10.3 ശതമാനം പേർ എതിർത്തു’- TOLO ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഇൻസ്റ്റാഗ്രാമിൽ 9,820 (92 ശതമാനം) ഉപയോക്താക്കൾ അഭിപ്രായം രേഖപ്പെടുത്തി. 8,998 (92 ശതമാനം) പേർ പെൺകുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസത്തെ അനുകൂലിച്ചു. 452 (5 ശതമാനം) പേർ എതിർത്തു. 371 (3 ശതമാനം) പേർ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല. നേരത്തെ പെൺമക്കളെ സ്‌കൂളിൽ അയക്കാൻ കുടുംബങ്ങൾ തന്നെ സമ്മതിക്കുന്നില്ലെന്നും, സാംസ്കാരിക കാരണങ്ങൾ മൂലമാണ് വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്നതെന്നും താലിബാന്റെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.
താലിബാൻ നേതാവിന്റെ ഈ പരാമർശങ്ങൾ ശക്തമായ പ്രതികരണങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചാനൽ തങ്ങളുടെ അഭിപ്രായ വോട്ടെടുപ്പ് ഫലം പുറത്തുവിട്ടത്.