ഉഗാണ്ടയിൽ സ്‌കൂളിന് നേരെ ആക്രമണം: 26 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു, നിരവധിപേരെ തട്ടിക്കൊണ്ടുപോയി
പടിഞ്ഞാറൻ ഉഗാണ്ടയിലെ സ്‌കൂളിൽ സായുധ വിമതർ നടത്തിയ ആക്രമണത്തിൽ 26 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായും ആറ് പേരെ തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്‌സുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ് എന്ന സംഘടനയാണ് ആക്രമണം നടത്തിയത്.
വെള്ളിയാഴ്ച അർധരാത്രി എംപോണ്ട്‌വെയിലെ ലുബിരിര സെക്കൻഡറി സ്‌കൂളിലാണ് ആക്രമണം നടന്നത്. സ്‌കൂളിന് നേരെ ബോംബ് എറിഞ്ഞ സംഘം ഡോര്‍മെട്രിയും സ്‌റ്റോര്‍ റൂം അഗ്നിക്കിരയാക്കി. 20 മുതൽ 25 പേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നും ഉഗാണ്ടയുടെ സൈനിക നടപടികളുടെ വക്താവ് മേജർ ബിലാൽ കടമ്പ പറഞ്ഞു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മരണനിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സൈന്യം പറയുന്നു. സ്കൂളിൽ കുടുങ്ങിക്കിടക്കുന്ന ആരും ജീവനോടെ ഇല്ലെന്നാണ് വിലയിരുത്തൽ. നിരവധി പേരെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി. ആക്രമണത്തിന് ശേഷം ഇവര്‍ വിരുംഗ മലനിരകളിലേക്ക് രക്ഷപ്പെട്ടു. ഭീകരര്‍ക്കായി ഉഗാണ്ടന്‍ സേന തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.