ഇന്ത്യയും റഷ്യയും തമ്മിലുള്ള വാണിജ്യബന്ധങ്ങള്‍ ശക്തിപ്പെടുന്നു; വിറ്റുവരവ് 120 ശതമാനം ഉയര്‍ന്നെന്ന് റഷ്യ
ഇന്ത്യയും റഷ്യയും തമ്മിലുള്ള വാണിജ്യബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടതായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ സഹായിയായ യൂറി ഉഷാക്കോവ്. ഇന്ത്യയുമായുള്ള വ്യാപാരത്തിലൂടെ റഷ്യയുടെ വിറ്റുവരവ് 120 ശതമാനം വര്‍ധിച്ചെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. റഷ്യയില്‍ നിന്നുള്ള എണ്ണ, കല്‍ക്കരി, രാസവളം എന്നിവയുടെ ഇറക്കുമതിയിലാണ് വന്‍ വര്‍ധന രേഖപ്പെടുത്തിയത്. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
ഇന്ത്യയുടെ റഷ്യന്‍ എണ്ണയുടെ ഇറക്കുമതി 18 ശതമാനമായി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകളും തെളിയിക്കുന്നുണ്ട്. ഇതോടെ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ സ്‌ത്രോസുകളുടെ രണ്ടാം സ്ഥാനത്തേക്ക് സൗദി അറേബ്യയെ പിന്തള്ളി റഷ്യ എത്തി. വരും മാസങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ഇറാഖിനേയും റഷ്യ മറികടന്നേക്കുമെന്ന സൂചനയാണ് കണക്കുകള്‍ നല്‍കുന്നത്.
റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി 8.4 ശതമാനത്തില്‍ നിന്ന് മെയ് മാസത്തില്‍ 12.8 ശതമാനമായും ജൂണില്‍ 16.8 ശതമാനമായും ജൂലൈയില്‍ 17.9 ശതമാനമായും ഉയര്‍ന്നു. ഈ ട്രെന്‍ഡുകള്‍ തുടരുമെന്നും വിപണിയില്‍ പുതിയ റെക്കോര്‍ഡുകളുണ്ടാകുമെന്നും ഇന്ത്യയിലെ റഷ്യന്‍ അംബാസിഡറായ ഡെനിസ് അലിപോവ് പറഞ്ഞു. എഎന്‍എയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു കണ്‍സ്യൂമര്‍ എന്ന നിലയില്‍ വിലക്കുറവില്‍ ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യ ശ്രമിക്കുന്നത് സ്വാഭാവികമാണെന്നും അലിപോവ് പറഞ്ഞു. പരസ്പര സഹകരണത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആലോചനകള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.