“ഏറ്റവും നീളം കൂടിയ താടി”; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി അമേരിക്കൻ വനിത
“ഏറ്റവും നീളം കൂടിയ താടി”യുള്ള വ്യക്തി എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി അമേരിക്കൻ വനിത. മിഷിഗണിൽ നിന്നുള്ള 38 കാരിയായ എറിൻ ഹണികട്ടാണ് സാമൂഹിക മാനദണ്ഡങ്ങൾ ലംഘിച്ച് ഏറ്റവും നീളം കൂടിയ താടി എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. 11.8 ഇഞ്ച് ആണ് താടിയുടെ നീളം. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോമിന്റെ ഫലമാണ് ഈ തടി വളർന്നത്. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും അമിത രോമവളർച്ചയ്ക്ക് കാരണമാവുകയും ചെയ്തു.
13 വയസ്സുള്ളപ്പോൾ തുടങ്ങിയതാണ് ഹണികട്ടിന്റെ ഈ നേട്ടത്തിലേക്കുള്ള യാത്ര. തുടക്കത്തിൽ, ദിവസത്തിൽ മൂന്ന് തവണ വരെ ഷേവ് ചെയ്തും, വാക്സിംഗ് ചെയ്തും, മുടി നീക്കം ചെയ്യാനുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ചും വളർന്നു വരുന്ന താടി ഒഴിവാക്കാൻ ശ്രമിക്കുമായിരുന്നു. ഉയർന്ന രക്തസമ്മർദ്ദം മൂലമുണ്ടാകുന്ന നേത്രാഘാതം മൂലം കാഴ്ചയുടെ ഒരു ഭാഗം നഷ്ടപ്പെട്ടതിനെത്തുടർന്ന്, ഷേവ് ചെയ്യുന്നത് നിർത്തി. പിന്നീട് താടി വളർത്താൻ തുടങ്ങുകയും ചെയ്തു.
2023 ഫെബ്രുവരി 8 ന്, 10.04 ഇഞ്ച് താടിയുള്ള 75 കാരനായ വിവിയൻ വീലറുടെ പേരിലുള്ള മുൻ റെക്കോർഡ് ആണ് ഹണികട്ട് ഇപ്പോൾ ഔദ്യോഗികമായി തകർത്തത്. ബാക്ടീരിയ അണുബാധയെത്തുടർന്ന് ഹണികട്ടിന്റെ ഒരു കാലിന്റെ താഴത്തെ പകുതി ഛേദിക്കപ്പെട്ടതുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കിടയിലാണ് ഇങ്ങനെയൊരു നേട്ടം ഇവർ കൈവരിച്ചത്. ഈ വെല്ലുവിളികൾക്കിടയിലും, ജീവിതത്തെക്കുറിച്ച്ചുള്ള ഇവരുടെ വീക്ഷണം പ്രചോദനാത്മകമാണ്.