ആശുപത്രിയിൽ നിന്ന് മരിച്ചെന്ന് വിധിയെഴുതി; ശവപ്പെട്ടിയിൽ നിന്ന് ‘ഉയർത്തെഴുന്നേറ്റ്’ 76കാരി
മരിച്ചെന്ന് കരുതി അടക്കം ചെയ്യാൻ തുടങ്ങവെ ശവപ്പെട്ടിയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് 76കാരി. ഇക്വഡോറിലെ ബബഹൊയോയിലാണ് സംഭവം. 76കാരിയായ ബെല്ല മൊണ്ടോയ ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടതായി കരുതിയത്. ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഇവർ മരിച്ചു എന്ന് ഡോക്ടർമാർ വിധിയെഴുതി.
രാവിലെ 9 മണിയോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയോടെ ഇവർ മരിച്ചു എന്ന് ഡോക്ടർമാർ പറഞ്ഞു. തുടർന്ന് ഇവരെ മറവ് ചെയ്യാനായി ശവപ്പെട്ടിയിലടച്ചു. മണിക്കൂറുകളോളം ഇവർ ശവപ്പെട്ടിയിലായിരുന്നു. ശവ സംസ്കാരച്ചടങ്ങിനിടെ ഇവർ ഉച്ചത്തിൽ ശ്വാസമെടുക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയിൽപെട്ടു. തുടർന്ന് ഇവരെ വീണ്ടും ആശുപത്രിയിലെത്തിച്ചു. നിലവിൽ ഐസിയുവിലാണ് ഇവർ.