അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ യുക്രൈനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍
അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ യുക്രൈനില്‍ കൊല്ലപ്പെട്ടതായി എ.എഫ്.പി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തകനായ ബ്രന്‍ഡ് റെനോഡ് ആണ് കൊല്ലപ്പെട്ടത്.അന്‍പത്തി ഒന്നു വയസ്സായിരുന്നു. ഇര്‍പ്പിനില്‍ മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. യുക്രൈനിയന്‍ ടെറിട്ടോറിയൽ ഡിഫൻസിന് വേണ്ടി സന്നദ്ധസേവനം നടത്തുന്ന സർജൻ ഡാനിലോ ഷാപോവലോവിനെ ഉദ്ധരിച്ചാണ് എ.എഫ്.പി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ യുദ്ധസ്ഥലത്ത് തല്‍ക്ഷണം കൊല്ലപ്പെട്ടതായും മറ്റൊരാള്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുക്രൈനിലെ ഇര്‍പ്പിനിലുള്ള എ.എഫ്.പി റിപ്പോര്‍ട്ടര്‍മാര്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍റെ മൃതദേഹം കണ്ടു.
ന്യൂയോർക്ക് ടൈംസിന് വേണ്ടി ജോലി ചെയ്യുന്ന അമേരിക്കൻ പത്രപ്രവർത്തകൻ ബ്രന്‍ഡ് റെനോഡിന്‍റെ മരണത്തില്‍ അതിയായ ദുഖമുണ്ടെന്നും കഴിവുള്ള ഒരു ഫോട്ടോഗ്രാഫറും ചലച്ചിത്ര നിർമ്മാതാവും ആയിരുന്നു അദ്ദേഹമെന്നും ന്യൂയോര്‍ക്ക് ടൈംസ് ഡെപ്യൂട്ടി മാനേജിംഗ് എഡിറ്റര്‍ ക്ലിഫ് ലെവി പറഞ്ഞു. കൊല്ലപ്പെട്ട ബ്രന്‍ഡ് റെനോഡ് യുക്രൈനില്‍ ന്യൂയോർക്ക് ടൈംസിന് വേണ്ടിയുള്ള ജോലികളില്‍ അല്ലായിരുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.