ഇന്ത്യയിലേക്ക് മടക്കാനാകില്ല; രാജ്യം വിട്ട വ്യവസായി നീരവ് മോദിയുടെ അപ്പീല്‍ തള്ളി
ബാങ്ക് വായിപ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി നീരവ് മോദിയുടെ അപ്പീല്‍ തള്ളി യുകെ കോടതി. മാനസിക ആരോഗ്യാവസ്ഥ പരിഗണിച്ച് നീരവ് മോദിയെ ഇന്ത്യയിലേക്ക് മടക്കി അയക്കണമെന്നുള്ള ഹര്‍ജിയാണ് തള്ളിയത്. അപ്പീല്‍ തള്ളപ്പെട്ടതോടെ 14 ദിവസത്തിനുള്ളില്‍ ഹൈക്കോടതി തീരുമാനത്തിനെതിരെ നീരവ് മോദിക്ക് സുപ്രിംകോടതിയെ സമീപിക്കാം.
വിജയ് മല്യയെ പോലെ രാഷ്ട്രീയ അഭയം തേടുന്ന കാര്യവും നീരവ് മോദി പരിഗണിച്ചേക്കുമെന്നാണ് സൂചന. നീരവ് മോദിയുടെ മാനസിക നിലയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടില്ലെന്നും ആത്മഹത്യാ സാധ്യത ഇല്ലെന്നും അപ്പീല്‍ തള്ളിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടി. ഇതുവരെ മാനസിക രോഗത്തിന്റെ ലക്ഷണങ്ങളോ മറ്റോ കാണിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി 2018 ജനുവരിയിലാണ് നീരവ് മോദി ഇന്ത്യ വിട്ടത്. ഇയാളെ തിരികെ ഇന്ത്യയിലെത്തിച്ച് കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ നീക്കം. 2019 മാര്‍ച്ചിലാണ് നീരവ് മോദി അറസ്റ്റിലായത്. തുടര്‍ന്ന് ഇയാളെ ഇന്ത്യയിലേക്ക് കൈമാറുന്നതിനുള്ള കേസ് ആരംഭിച്ചു.