റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക; ശക്തമായ മുന്നറിയിപ്പെന്ന് ബൈഡൻ
യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് യുഎസ്. റഷ്യയിൽ നിന്നും യുഎസിലേക്ക് എത്തിക്കുന്ന എണ്ണയും പ്രകൃതിവാതകവും, മറ്റ് ഇന്ധനങ്ങളും നിരോധിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. റഷ്യൻ പ്രസിഡന്റ് പുടിന് യുഎസ് ജനത നൽകുന്ന ശക്തമായ മുന്നറിയിപ്പ് എന്ന് വ്യക്തമാക്കിയായിരുന്നു ബൈഡൻ ഇറക്കുമതി നിരോധനം പ്രഖ്യാപിച്ചത്.
യുഎസ് പുടിന് നൽകുന്ന കനത്ത പ്രഹരമാണിത്. ഇനി റഷ്യൻ എണ്ണ യുഎസ് തുറമുഖത്ത് അടുപ്പിക്കില്ല. യുഎസിന്റെ സഖ്യ രാജ്യങ്ങളുമായി ആലോചിച്ച് എടുത്ത തീരുമാനമാണിത്. തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ യുഎസിൽ ഇന്ധനവില വർധിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും എന്നും ബൈഡൻ അറിയിച്ചു.
യുഎസിലേക്ക് മാത്രം പ്രതിദിനം രണ്ട് ലക്ഷം ബാരൽ എണ്ണ റഷ്യ നൽകുന്നുണ്ട്. റഷ്യയുടെ പ്രധാന സാമ്പത്തിക സ്രോതസ് എന്ന നിലയിൽ സമ്മർദം ശക്തമാക്കുന്നതിനാണ് ബൈഡൻ ഇത്തരം ഒരു തീരുമാനം പ്രഖ്യാപിച്ചത്. യുഎസിൽ ഇന്ധനവില വലിയ തോതിൽ കുതിച്ച് ഉയരുന്നതിനിടെയാണ് പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.