വിജയത്തിന് അരികെ ജോ ബൈഡൻ, ജോർജിയയിൽ റീ കൗണ്ടിംഗ്; ജയിച്ചെന്ന് കരുതേണ്ടെന്ന് ട്രംപിന്റെ ഭീഷണി
അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ ചുമതലയെടുക്കാൻ ഇനി സാങ്കേതിക താമസം മാത്രം. ജോർജിയയിലും പെൻസിൽവാനിയയിലും നെവാഡയിലും ബൈഡൻ ലീഡുറപ്പിച്ചു. ഇതോടെ കേവല ഭൂരിപക്ഷമായ 270 ഇലക്ടറൽ സീറ്റെന്നത് ബൈഡൻ നിസാരമായി മറികടക്കുമെന്ന് ഉറപ്പായി. നിലവിൽ 264 സീറ്റുകളിൽ ബൈഡൻ വിജയമുറപ്പിച്ചിരുന്നു. നെവാഡയിലെ ആറ് സീറ്റുകൾ കൂടിയായാൽ തന്നെ ബൈഡന് പ്രസിഡന്റാകാം.
ഡൊണാൾഡ് ട്രംപിന് 214 വോട്ടുകളാണുള്ളത്. നിലവിലെ ലീഡ് നിലനിർത്തിയാൽ ബൈഡന് 306 ഇലക്ടറൽ വോട്ടുകൾ ലഭിക്കും. ജോർജിയയിൽ 99 ശതമാനം വോട്ടെണ്ണിയപ്പോൾ ട്രംപിനെ അട്ടിമറിച്ച് ബൈഡൻ മുന്നിലെത്തുന്നതാണ് കാണുന്നത്. എക്കാലവും റിപബ്ലിക്കൻസിനൊപ്പം നിന്ന ജോർജിയ ട്രംപിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. ജോര്‍ജിയയില്‍ റീ കൗണ്ടിംഗ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
നിലവിൽ നോർത്ത് കരോലീനയിൽ മാത്രമാണ് ട്രംപ് ലീഡ് ചെയ്യുന്നത്. ഇവിടെയുള്ള 15 ഇലക്ടറൽ വോട്ട് ലഭിച്ചാലും ട്രംപിന് 229 വോട്ടുകൾ മാത്രമേ ലഭിക്കു. മാധ്യമങ്ങളടക്കം ബൈഡന്റെ വിജയം ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ ട്രംപ് ഇപ്പോഴും വിട്ടുകൊടുക്കാൻ ഭാവമില്ലെന്നാണ് പ്രതികരിക്കുന്നത്.