അഫ്ഗാനിൽ എട്ട് മാസം ഗർഭിണിയായ വനിതാ പോലീസ് ഓഫീസറെ താലിബാൻ വെടിവെച്ചു കൊന്നു; മുഖം വികൃതമാക്കി
അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചതിന് പിന്നാലെ ക്രൂരതകൾ ഓരോന്നായി പുറത്തെടുത്ത് താലിബാൻ. വനിതാ പോലീസ് ഓഫീസറെ താലിബാൻ വെടിവെച്ചു കൊന്നു. ഖോർ പ്രവിശ്യയിൽ ഓഫീസറായിരുന്ന ബാനു നെഗറാണ് കൊല്ലപ്പെട്ടത്. ഇവർ എട്ട് മാസം ഗർഭിണിയായിരുന്നു
കുട്ടികളുടെ മുന്നിലിട്ടാണ് ബാനു നെഗറിനെ താലിബാൻ ക്രൂരമായി വെടിവെച്ച് കൊന്നത്. ഇതിന് ശേഷം മുഖം വികൃതമാക്കിയെന്നും ബന്ധുക്കൾ പറയുന്നു. താലിബാന്റെ പകപോക്കലുകളുടെ വാർത്തകളാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തേക്ക് വരുന്നത്.
അതേസമയം പോലീസുദ്യോസ്ഥയെ വധിച്ചതിൽ പങ്കില്ലെന്ന് താലിബാൻ പറഞ്ഞു. അമേരിക്കയെ സഹായിച്ചവർക്കും മുൻ സർക്കാർ ഉദ്യോഗസ്ഥർക്കും താലിബാൻ പൊതുമാപ്പ് നൽകിയതാണെന്നും കൊലപാതകത്തിന് പിന്നിൽ വ്യക്തിവിരോധമാകാമെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. എന്നാൽ കുടുംബം ഈ അവകാശവാദം തള്ളിക്കളഞ്ഞു. വീട്ടിലേക്ക് അതിക്രമിച്ച് കയറി വെടിയുതിർത്തത് താലിബാൻകാർ തന്നെയാണെന്ന് കുടുംബം അറിയിച്ചു.