ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് ഹമാസ്
ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ആക്രമണത്തില്‍ 15 പേര്‍ മരിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല്‍പതിലധികം പേര്‍ക്ക് പരുക്കേറ്റെന്നാണ് വിവരം. അഞ്ച് വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെയാണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒരു അപാര്‍ട്ട്‌മെന്റിലാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. വെസ്റ്റ് ബാങ്കില്‍ മുതിര്‍ന്ന ഇസ്ലാമിക് ജിഹാദ് നേതാവിനെ അറസ്റ്റ് ചെയ്തതിനെച്ചൊല്ലി ഇസ്രയേലും ഗാസയും തമ്മില്‍ നിലനിന്ന സംഘര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു വ്യോമാക്രമണം.
ഓപ്പറേഷന്‍ ബ്രേക്കിംഗ് ഡോണ്‍ എന്നാണ് ഇസ്രയേല്‍ ഈ ആക്രമണത്തിന് പേരിട്ടിരിക്കുന്നത്. ഇസ്ലാമിക് ജിഹാദ് നേതാവിനെ പിടികൂടി തടവിലാക്കിയതിന് പലസ്തീന്‍ വിഭാഗങ്ങളില്‍ നിന്ന് പ്രതികാര നടപടിയുണ്ടാകുമെന്ന് ഭയന്ന് ഇസ്രയേല്‍ ഗാസയ്ക്ക് ചുറ്റുമുള്ള റോഡുകള്‍ അടയ്ക്കുകയും അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാക്രമണം നടത്തിയത്.
ഓപറേഷനിലൂടെ ഇസ്ലാമിക് ഡിഹാദിന്റെ കമാണ്ടറെ വധിച്ചെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇനി ഇസ്രയേലുമായി യാതൊരു ഒത്തുതീര്‍പ്പും സാധ്യമല്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. നൂറു കണക്കിന് റോക്കറ്റുകള്‍ വ്യോമാക്രമണത്തിനായി സജ്ജമാക്കിയെന്നാണ് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊലപ്പെട്ടത് സാധാരണ ജനങ്ങളാണെന്നും ഒരു പെണ്‍കുട്ടിയുള്‍പ്പെടെ മരിച്ചെന്നും ഗാസ ആരോഗ്യമന്ത്രാലയം പറഞ്ഞു.