ഓപറേഷൻ ഗംഗ: 2600 പേർ കൂടി ഇന്ന് തിരികെയെത്തും; ഖാർകീവിലെ മുഴുവനാളുകളെയും ഒഴിപ്പിച്ചു
യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന നടപടി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച രാത്രി അടിയന്തര യോഗം ചേർന്നു. രക്ഷാദൗത്യത്തിന്റെ പുരോഗതി യോഗം വിലയിരുത്തി. വെടിനിർത്തലിനായുള്ള സമ്മർദം തുടർന്ന് പരമാവധി ആളുകളെ രക്ഷപ്പെടുത്താനാണ് നീക്കം
ഇന്ന് 2600 പേരെ കൂടി ഇന്ത്യയിലെത്തിക്കും. 13 വിമാനങ്ങൾ ഇന്ന് രക്ഷാ ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതുവരെ 63 വിമാനങ്ങളിലായി 13,330 പേരെയാണ് തിരികെ എത്തിച്ചത്. ഡൽഹിയിലെത്തുന്ന മലയാളി വിദ്യാർഥികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ പ്രത്യേക വിമാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്
ഖാർകീവ്, പിസോച്ചിൻ നഗരങ്ങളിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം സുമി നഗരത്തിലെ രക്ഷാദൗത്യമാണ് വെല്ലുവിളിയായി തുടരുന്നത്. എംബസി ഒരുക്കിയ ബസുകളിലാണ് ഖാർകീവിൽ നിന്നും പിസോച്ചിനിൽ നിന്നും ആളുകളെ ഒഴിപ്പിച്ചത്.